തിരുവനന്തപുരം
പ്രതിസന്ധിയുടെ രൂക്ഷസാഹചര്യത്തിലും ജനങ്ങളെ ചേർത്തുനിർത്തി രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്. ആരോഗ്യമേഖലയിലും തീരപ്രദേശത്തും കൂടുതൽ ശ്രദ്ധ പുലർത്തി പുതിയ നികുതി നിർദേശമില്ലാതെയാണ് ജനങ്ങളോടുള്ള പ്രതിബദ്ധത സർക്കാർ വ്യക്തമാക്കിയത്. ദുരന്തങ്ങൾക്ക് മുന്നിലേക്ക് നാടിനെ എറിഞ്ഞുകൊടുക്കില്ലെന്ന ഉറപ്പാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ കന്നി ബജറ്റ്. കോവിഡിനെ നേരിടാൻ 20,000 കോടി രൂപയുടെ പുതിയ പാക്കേജ്; പ്രതിസന്ധിയിലായവരെ നേരിട്ട് സഹായിക്കാൻ 8900 കോടി രൂപ. വായ്പ, സബ്സിഡി ഇനങ്ങളിൽ 8300 കോടി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2800 കോടി രൂപയുടെ പദ്ധതി. രണ്ടാം തരംഗത്തിന്റെ ആഘാതത്തിൽനിന്ന് ജനങ്ങളെ കരകയറ്റും. മൂന്നാം തരംഗത്തെ നേരിടാൻ സംസ്ഥാനത്തെ പൂർണസജ്ജമാക്കും. മുൻ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ പദ്ധതികൾ പൂർണമായും നടപ്പാക്കും. പുതിയ സാഹചര്യത്തിലുള്ള കൂട്ടിച്ചേർക്കൽ മാത്രമാണ് പുതുക്കിയ ബജറ്റെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.
കോവിഡിനൊപ്പമുള്ള ജീവിതം മുന്നിൽക്കണ്ട് ജനങ്ങളിലേക്ക് സർക്കാരെത്തുന്നതാണ് രണ്ടാം പാക്കേജും. ഒന്നാം പാക്കേജ് 20,000 കോടിയുടേതായിരുന്നെങ്കിലും കൂടുതൽ ചെലവഴിച്ചു. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ വേഗം പ്രായോഗികമാക്കും. വാക്സിൻ വാങ്ങാൻ 1000 കോടി, അനുബന്ധ ഉപകരണങ്ങൾക്ക് 500 കോടി. ജീവവായുപോലും കിട്ടാതെ ഇന്ത്യയുടെ പലഭാഗത്തും ജനങ്ങൾ മരിച്ചുവീഴുമ്പോൾ കേരളം വേറിട്ടുനിൽക്കുന്നതും ഈ കരുതലിലൂടെ. കേരളം രോഗവ്യാപന ഭീഷണിയില്ലാത്ത നാടായാൽ വിനോദസഞ്ചാരമേഖലയിൽ നേട്ടമാകും.
അധിക ഭാരമേൽപ്പിക്കാതെ സാമ്പത്തികരംഗത്തെ കൈപിടിച്ചുയർത്തലാണ് സർക്കാരിന്റെ സമീപനം. വ്യാവസായിക, കാർഷിക മേഖലയിലെ നവപദ്ധതികൾ തൊഴിൽമേഖലയിൽ വലിയ ഉണർവുണ്ടാക്കും. ചെറുകിട വ്യവസായമേഖലയെ കൈയയച്ച് സഹായിക്കുകയാണ്. പ്രതിസന്ധിഘട്ടത്തിൽ ജനത്തോടൊപ്പംനിന്ന് മറികടക്കലാണ് പ്രധാനം. അതിന് കടമെടുക്കേണ്ടിവരും, തിരിച്ചടവിനുള്ള പണം കണ്ടെത്തുകയും ചെയ്യും. വരുമാനവർധനയ്ക്കും ചെലവ് ചുരുക്കാനുമുള്ള ശക്തമായ നടപടികൾ രോഗസാഹചര്യം മാറിയാലുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
കടലാക്രമണമടക്കം തീരപ്രദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആധുനിക സംവിധാനങ്ങളൊരുക്കാൻ 11,000 കോടി. കുടുംബശ്രീയെ ശക്തമാക്കും, 10,000 പുതിയ അയൽക്കൂട്ടം. ഓൺലൈൻ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നതോടെ ‘ഡിജിറ്റൽ ഡിവൈഡ്’ ഇല്ലാതാക്കും.
15–-ാം നാളിൽ ബജറ്റ് അവതരണം, ഒരു മണിക്കൂർ 54 സെക്കൻഡ്
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റ് അവതരണത്തിനെടുത്തത് ഒരു മണിക്കൂറും 54 സെക്കൻഡും. സമീപകാലത്തെ കുറഞ്ഞ സമയമാണ് ഇത്. ധനമന്ത്രിയായി 15–-ാം ദിവസമാണ് കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചത്. ജനുവരിയിൽ ധനമന്ത്രി ടി എം തോമസ് ഐസക് അവതരിപ്പിച്ച 3.15 മണിക്കൂർ നീണ്ട ബജറ്റാണ് ഏറ്റവും കൂടിയസമയം. ബജറ്റിന്റെ ആദ്യവും അവസാനവുംമാത്രം വായിച്ച് ആറു മിനിറ്റിൽ ബജറ്റവതരണം അവസാനിപ്പിച്ച ചരിത്രവും കേരള നിയമസഭയ്ക്കുണ്ട്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയായി പുതുക്കിയ ബജറ്റ് അവതരിപ്പിച്ചതിനാലാണ് കുറഞ്ഞ സമയമെടുത്തത്. ജനുവരിയിൽ അവതരിപ്പിച്ച സമ്പൂർണ ബജറ്റിലെ എല്ലാ നിർദേശങ്ങളും നടപ്പാക്കുമെന്ന് ആമുഖമായി പറഞ്ഞായിരുന്നു ധനമന്ത്രി ബജറ്റ് അവതരണത്തിലേക്ക് കടന്നത്. സാധാരണ ബജറ്റ് പ്രസംഗത്തിലുണ്ടാകാറുള്ള കവിത–-കഥാ ശകലങ്ങളും ഉദ്ധരണികളും ഒഴിവാക്കി.
രാവിലെ 8.50ന് സഭയിലെത്തിയ കെ എൻ ബാലഗോപാൽ മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംഎൽഎമാർ എന്നിവരുമായി കുശലാന്വേഷണം നടത്തി. ചില അംഗങ്ങൾ അഭിനന്ദിച്ചു. ഒമ്പതിന് സ്പീക്കർ എം ബി രാജേഷ് ബജറ്റ് അവതരിപ്പിക്കാൻ ക്ഷണിച്ചു. 10 മണി 54 സെക്കൻഡായപ്പോൾ അവതരണം അവസാനിച്ചു. തുടർന്ന് മീഡിയ റൂമിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയും പറഞ്ഞു.