കൽപറ്റ: വയനാട് മൂട്ടിൽ മരം മുറിക്കേസിൽ നടപടികൾ കടുപ്പിച്ച് റവന്യൂ വകുപ്പ്. കെ.എൽ.സി.ആക്ട് പ്രകാരം കേസെടുക്കാനുള്ള നടപടികൾ തുടങ്ങി. റവന്യൂ പട്ടയ ഭൂമിയിൽ നിന്ന് ഈട്ടിമരങ്ങൾ മുറിച്ചു കടത്തിയതിലാണ് നടപടി. 15 കോടിയുടെ ഈട്ടിത്തടികളാണ് മുറിച്ചു കടത്തിയത്.
സംഭവത്തിൽ റവന്യൂവകുപ്പിന്റെ മെല്ലെപ്പോക്കിൽ മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് റവന്യൂ മന്ത്രി ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് കഴിഞ്ഞ ദിവസം മന്ത്രിക്ക് കൈമാറി.
റിസർവ് ചെയ്ത മരങ്ങൾ മുറിച്ചു കടത്തിയതിൽ കേസെടുക്കാനും തീരുമാനിച്ചു. നാല്പതിലധികം കേസുകളിലാണ് നോട്ടീസ് അയച്ചിട്ടുള്ളത്. സർക്കാർ മുതൽ നശിപ്പിച്ചതിന് തടിയുടെ മൂന്നിരട്ടി തുക പിഴയായി ഈടാക്കുന്നത് മുതൽ തടവുശിക്ഷ വരെ കേസിൽ ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തുക.
അതേ സമയം വനംകൊള്ള കണ്ടെത്തിയ ഉദ്യോഗസ്ഥരെ ബലിയാടാക്കിയെന്ന പരാതി അന്വേഷിച്ചിരുന്നതായി മുൻ റവന്യൂ മന്ത്രി കെ.രാജു പറഞ്ഞു. അന്വേഷണ റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നും വനംവകുപ്പിന്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.