തിരുവനന്തപുരം:അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ പൊതുകടം 3.9 ലക്ഷം കോടി കവിയും. നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് രേഖയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ കടത്തിന്റെ വളർച്ച രണ്ട് ശതമാനം കുറഞ്ഞ്ആഭ്യന്തര ഉത്പാദനത്തിന്റെ 35 ശതമാനം ആകും. കോവിഡ് ഒന്നാം തരംഗം കാരണം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിൽ 1.65ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നും രേഖകൾ വ്യക്തമാക്കുന്നു.
കോവിഡ് പ്രതിസന്ധി കാലത്ത് എല്ലാവർക്കും വാക്സിൻ എന്ന ലക്ഷ്യം നിറവേറ്റിക്കഴിഞ്ഞാൽ എല്ലാ മേഖലയും സജീവമാകുമെന്ന് കണക്കുകൂട്ടിയാണ് സമ്പദ് ഘടനയെ സർക്കാർ ഇപ്പോൾ വിലയിരുത്തുന്നത്.
നടപ്പുവർഷം 6.6 ശതമാനം ലക്ഷ്യമിടുന്ന ആഭ്യന്തര ഉത്പാദനം ദുരിതകാലം കഴിയുമ്പോൾ 12.5 ശതമാനം നേടാമെന്ന് ധനമന്ത്രി നിയമസഭയിൽ സമർപ്പിച്ച ബജറ്റ് രേഖ വ്യക്തമാക്കുന്നു. അതിന് നടപ്പ് സാമ്പത്തിക വർഷം3,27,000കോടിയാകുന്ന പൊതുകടം 22,23 വർഷത്തിൽ 3,57,000 കോടിയും 23-24ൽ 3,90,000കോടിയാകുമെന്നും കണക്കു കൂട്ടുകയാണ്.
ഇക്കൊല്ലം ആഭ്യന്തര ഉത്പാദനത്തിന്റെ 37 ശതമാനമുള്ള പൊതുകടം 35 ശതമാനമായി കുറയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. പക്ഷേ കടമെടുത്ത് വികസനവും ക്ഷേമവും തുടരാൻ തീരുമാനിച്ചിരിക്കുന്ന ധനവകുപ്പ് പ്രതീക്ഷിക്കും പോലെ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുകയും സമ്പദ് ഘടന ഉണരുകയും വേണം. ഇല്ലെങ്കിൽ പൊതുകടം മൂന്നാം വർഷം നാല് ലക്ഷം കോടി കവിയുമെന്നുറപ്പാണ്.
സംസ്ഥാനത്തിന്റെ ആഭ്യന്തര വളർച്ച താഴോട്ടിറങ്ങുകയും ചെയ്യും. കാരണം കഴിഞ്ഞ വർഷം ആഭ്യന്തര ഉത്പാദനം 1,56,000 കോടി പിടിച്ചുനിർത്തിയത്ഇരുപതിനായിരം കോടി രൂപയുടെ ഉത്തേജക പാക്കേജ് ഉള്ളതുകൊണ്ടാണെന്ന് ബജറ്റ് രേഖ വ്യക്തമാക്കുന്നു.
Content Highlight: Keralas public debt shoots up