തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴിയെടുക്കുമെന്ന് സൂചന. കൊടകര കുഴൽപ്പണക്കേസിൽ പണവുമായെത്തിയ ധർമരാജൻ തൃശ്ശൂരിലേക്കും പണവുമായെത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തൃശ്ശൂരിലെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമരാജൻ ഉൾപ്പടെയുളളവർ എത്തിയിരുന്നു. ഇതേ കുറിച്ച് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് സുരേഷ് ഗോപിയെ വിളിപ്പിക്കുന്നത്. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു സുരേഷ് ഗോപി. പണം എവിടെ നിന്നെത്തി, എന്തിനുവേണ്ടിയെത്തി.തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് പണം ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സുരേഷ്ഗോപിയിൽ നിന്ന് മൊഴിയെടുക്കുക. എന്നാണ് സുരേഷ് ഗോപിയിൽ നിന്ന് മൊഴിയെടുക്കുക എന്ന കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.
ധർമരാജൻ, റഷീദ് തുടങ്ങിയവർ തൃശ്ശൂരിന് പുറമേ മറ്റു നിയമസഭാ മണ്ഡലങ്ങളിലേക്കും പണവുമായി എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.