ന്യൂഡൽഹി
രാജ്യത്ത് 5 ജി സേവനം നടപ്പാക്കുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്ന ബോളിവുഡ്താരം ജൂഹിചൗളയുടെ ഹർജി 20 ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി തള്ളി. പിഴത്തുക റോഡ് അപകടങ്ങളിലെ ഇരകൾക്കായി വിനിയോഗിക്കാൻ ഡൽഹി ലീഗൽ സർവീസ് സൊസൈറ്റിയോട് കോടതി നിർദേശിച്ചു.
കോടതിയെ ശല്യപ്പെടുത്തുന്നരീതിയിൽ ഹർജി സമർപ്പിച്ചതിനാണ് പിഴയെന്നും മാധ്യമശ്രദ്ധ കിട്ടാന് മാത്രമാണ് ഹര്ജിയെന്നും ജസ്റ്റിസ് ജി ആർ മിധാ ഉത്തരവിൽ പറഞ്ഞു. കേസ് പരിഗണിക്കുന്നതിന്റെ വീഡിയോ ലിങ്ക് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ഇതിന്റെ തെളിവാണെന്നും ജഡ്ജി പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴിയുള്ള വാദംകേൾക്കലിനിടെ നുഴഞ്ഞുകയറി ജൂഹിചൗളയുടെ സിനിമയിലെ പാട്ടുകൾ പാടി കോടതിയെ അലോസരപ്പെടുത്തിയ ആൾക്കാർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനും ഉത്തരവിട്ടു.















