കൊല്ലം
നിയമസഭാ വോട്ടെടുപ്പ് ദിവസം കുണ്ടറയിൽ പെട്രോൾ ബോംബേറ് നാടകം ആസൂത്രണംചെയ്ത കേസിൽ മാധ്യമങ്ങൾക്കും പൊലീസിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് വിവാദ വ്യവസായി ദല്ലാൾ നന്ദകുമാർ ഹൈക്കോടതിയെ സമീപിച്ചു. തന്നെ ചൊദ്യംചെയ്യുന്നതിന്റെ വിശദാംശങ്ങൾ പൊലീസ് മാധ്യമങ്ങൾക്കു നൽകുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം.
ക്രിമിനൽ കേസുകളിലെ അന്വേഷണ വിവരങ്ങൾ പൊലീസ് മാധ്യമങ്ങൾക്കു നൽകുന്നത് നിയമപരമല്ലെന്നും കേസിൽ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് മാധ്യമങ്ങൾ നിരവധി വാർത്തകൾ നൽകുന്നതായും ഹർജിയിൽ പറയുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ കണ്ണനല്ലൂർ പൊലീസ് ഫോണിലാണ് ആവശ്യപ്പെട്ടത്. ഡൽഹിയിലായിരുന്നതിനാൽ ഹാജരാകാൻ കഴിഞ്ഞില്ല. പിന്നീട് കൊച്ചിയിൽ എത്തിയശേഷം കൊല്ലത്തുവന്ന് അന്വേഷണ ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അസൗകര്യം അറിയിച്ചു.
കൊല്ലത്തോ കൊച്ചിയിലോ ചോദ്യം ചെയ്യലിന് വിധേയമാകാൻ തയ്യാറാണെന്നും ഹർജിയിൽ പറഞ്ഞു. ഹർജിയിൽ കോടതി പൊലീസിന്റെ നിലപാട് തേടി.
കുണ്ടറ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജെ മേഴ്സിക്കുട്ടിഅമ്മയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിയമസഭാ വോട്ടെടുപ്പു ദിവസം ഡിഎസ്ജെപി സ്ഥാനാർഥി ഷിജു എം വർഗീസ് സ്വന്തം കാറിന് പെട്രോൾ ബോംബേറ് നാടകം ആസൂത്രണംചെയ്ത കേസിലാണ് ഗൂഡാലോചനയിൽ പങ്കാളിയായ നന്ദകുമാറിനെ ചൊദ്യംചെയ്യുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നന്ദകുമാറാണ് പണം നൽകിയതെന്ന് ഡിഎസ്ജെപി സ്ഥാനാർഥികൾ നേരത്തെ അന്വേഷക സംഘത്തിന് മൊഴി നൽകിയിരുന്നു. സംഭവത്തിൽ നന്ദകുമാറിന്റെ താൽപ്പര്യത്തെക്കുറിച്ചും കൃത്യനിർവഹണത്തിനായി ഇയാളുമായി ബന്ധപ്പെട്ട രാഷ്ട്രീയ നേതാക്കൾ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇപ്പോൾ ഡൽഹിയിലുള്ള നന്ദകുമാറിനെ ചോദ്യം ചെയ്താൽ മാത്രമെ രാഷ്ട്രീയ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ പുറത്തുവരൂ.