തിരുവനന്തപുരം
കടലിന്റെ മക്കളുടെ കണ്ണീരൊപ്പുന്ന ബജറ്റാണ് മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു). തീരദേശത്തെ ദുരിതാവസ്ഥ പൂർണമായും മാറ്റാൻ ദീർഘകാല പരിഹാര പദ്ധതിക്കായി 5300 കോടി രൂപയാണ് വകയിരുത്തിയത്. കടലേറ്റവും കടലാക്രമണവും തടയുന്നതിനായി ശാസ്ത്രീയ പഠനം നടത്തി പദ്ധതികൾ പൂർത്തിയാക്കുമെന്ന പ്രഖ്യാപനവും സ്വാഗതാർഹമാണ്.
മത്സ്യത്തൊഴിലാളി ജനതയുടെയും തീരദേശമേഖലയുടെയും സമഗ്ര വികസനവും പുരോഗതിയും ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചതെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീറും ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎയും പ്രസ്താവനയിൽ പറഞ്ഞു.