ബ്യൂണസ് ഐറിസ്
ഇടവേളയ്ക്കുശേഷം തുടങ്ങിയ ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരങ്ങളിൽ അർജന്റീനയ്ക്ക് ഉശിരില്ലാത്ത ഫലം. ചിലിയോട് 1‐1ന് കുരുങ്ങി. ക്യാപ്റ്റൻ ലയണൽ മെസിയുടെ പെനൽറ്റി ഗോളിൽ മുന്നിലെത്തിയ അർജൻന്റീനയെ ആദ്യ പകുതി അവസാനിക്കുംമുന്പ് ചിലി തളച്ചു. അലെക്സിസ് സാഞ്ചെസാണ് ഗോളടിച്ചത്. അഞ്ച് കളിയിൽ 11 പോയിന്റുമായി പട്ടികയിൽ രണ്ടാമതാണ് അർജന്റീന. 12 പോയിന്റുള്ള ബ്രസീലാണ് ഒന്നാമത്.
മറ്റ് മത്സരങ്ങളിൽ ഉറുഗ്വേയെ പരാഗ്വേ ഗോളടിപ്പിച്ചില്ല (0‐0). ബൊളീവിയ വെനസ്വേലയെ 3‐1ന് തോൽപ്പിച്ചു. ഇതിഹാസ താരം ദ്യേഗോ മാറഡോണയ്ക്ക് ആദരമർപ്പിച്ചാണ് മെസിയും കൂട്ടരും കളി തുടങ്ങിയത്. അരമണിക്കൂർ തികയുംമുമ്പെ അർജന്റീനയെ മെസി മുന്നിലെത്തിച്ചു. ലൗതാരരോ മാർട്ടിനെസിനെ ബോക്സിൽ വീഴ്ത്തിയതിന് പെനൽറ്റി. മെസി പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചു. 37‐ാം മിനിറ്റിൽ ചാൾസ് അരാൻഗ്വിസിന്റെ ഫ്രീകിക്ക് സാഞ്ചെസിന്റെ ഗോളിന് അവസരമൊരുക്കി.
ഇതിനിടെ മെസിയുടെ തകർപ്പൻ ഫ്രീകിക്ക് ചിലി ഗോൾ കീപ്പർ ക്ലോഡിയോ ബ്രാവോ തകർപ്പൻ ചാട്ടത്തിലൂടെ തട്ടിയകറ്റി. രണ്ടാംപകുതിയിൽ മെസിയുടെ മറ്റൊരു ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. രണ്ട് ഷോട്ടുകൾ ബ്രാവോ തടയുകയും ചെയ്തതോടെ അർജന്റീനയുടെ വിജയമോഹം പൊലിഞ്ഞു. അഞ്ച് കളിയിൽ അഞ്ച് പോയിന്റുമായി പട്ടികയിൽ ഏഴാമതാണ് ചിലി.ഒന്പതിന് കൊളംബിയയുമാണ് അർജന്റീനയുടെ അടുത്ത മത്സരം.