കൊച്ചി
ബ്യൂട്ടിപാർലർ ഉടമയായ നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ആവശ്യപ്പെട്ടത് കാസർകോട്ടെ ഗുണ്ട ജിയയാണെന്ന് രവി പൂജാരി മൊഴി നൽകി. ജിയയുടെ ആവശ്യമനുസരിച്ച് ലീന മരിയ പോളിനെ ഫോൺവഴി ഭീഷണിപ്പെടുത്തിയെങ്കിലും പണം നൽകാൻ നടി വിസമ്മതിച്ചു. ഇതോടെ വെടിവയ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാവശ്യപ്പെട്ടതും അതിന് സഹായമൊരുക്കിയതും ജിയയാണെന്നും രവി പൂജാരി വെളിപ്പെടുത്തി. ജിയയുടെ ആവശ്യപ്രകാരമാണ് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ എംഎൽഎ പി സി ജോർജ് തുടങ്ങിയവരെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇതിനായി നമ്പർ നൽകിയതും ജിയയാണ്. ലീനയുടെ പക്കൽ ഒന്നരക്കോടിയുടെ ഹവാല പണം എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് അത് തട്ടിയെടുക്കുന്നതിനായിരുന്നു വെടിവയ്പ് ആസൂത്രണം ചെയ്തത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ചെങ്കിലും പദ്ധതി പാളി. ലീനയടക്കം കേരളത്തിൽ മറ്റാരെയും പരിചയമില്ലെന്നും പൂജാരി അന്വേഷണസംഘത്തോട് പറഞ്ഞു.
ജിയ ഒളിവിലാണ്. ഇയാളുമായി ബന്ധമുള്ളവരെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ബ്യൂട്ടിപാർലർ വെടിവയ്പുകേസിൽ ആവശ്യമായ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. പൂജാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. പൂജാരിയുടെ കസ്റ്റഡി കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ അന്വേഷണസംഘം തീരുമാനിച്ചു. പ്രതിയിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സമയം കസ്റ്റഡിയിൽ വേണമെന്ന നിലപാടിലാണ് അന്വേഷണസംഘം. ക്രൈംബ്രാഞ്ചിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യല് അടുത്തദിവസവും തുടരും.