കൊച്ചി
ലക്ഷദ്വീപിലെ പഞ്ചായത്ത് അംഗങ്ങളുടെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും യോഗത്തിലുണ്ടായ പ്രതിഷേധത്തിൽ പതറി അഡ്മിനിസ്ട്രേഷൻ. പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള സമവായശ്രമത്തിന്റെ ഭാഗമായാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നിർദേശപ്രകാരം ആഭ്യന്തര സെക്രട്ടറി വിജേന്ദ്ര സിങ് റാവട്ട് പ്രത്യേക യോഗം വിളിച്ചത്. യോഗനടപടികളിലേക്ക് കടക്കാൻ അനുവദിക്കാതെ അഡ്മിനിസ്ട്രേറ്റർ ഗോബാക്ക് വിളിച്ച് മുഴുവൻപേരും യോഗം ബഹിഷ്കരിച്ചു.
കൽപ്പേനി ദ്വീപിലെ പഞ്ചായത്ത് കോൺഫറൻസ് ഹാളിലായിരുന്നു യോഗം. കൽപ്പേനി പഞ്ചായത്ത് പ്രസിഡന്റാണ് ആദ്യം പ്രതിഷേധം അറിയിച്ചത്. പ്രഫുൽ പട്ടേലിന്റെ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നും ദ്വീപിനെ അപമാനിച്ച കലക്ടർ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനുശേഷം ചർച്ച മതിയെന്നും ഇല്ലെങ്കിൽ സഹകരിക്കില്ലെന്നും യോഗം ബഹിഷ്കരിക്കുകയാണെന്നും അറിയിച്ചു. അതോടെ മുഴുവൻപേരും അഡ്മിനിസ്ട്രേറ്റർ ഗോ ബാക്ക് വിളിച്ച് ഹാൾ വിട്ടിറങ്ങുകയായിരുന്നു.
രാഷ്ട്രീയദേദമില്ലാതെ ഉയർന്ന പ്രതിഷേധത്തിലൂടെ ദ്വീപുനിവാസികൾ നിലപാട് വ്യക്തമാക്കിയതോടെ ചർച്ചയ്ക്ക് ശ്രമിക്കാതെ സെക്രട്ടറിയും സ്ഥലം വിട്ടു. തിങ്കളാഴ്ചത്തെ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ നിരാഹാരസമരം നടത്തും. മെഡിക്കൽ സേവനങ്ങളൊഴികെ എല്ലാം സ്തംഭിക്കും. തുടർസമരങ്ങളുടെ ഒരുക്കത്തിന് ദ്വീപുതല കമ്മിറ്റികളും ഉപദേശക സമിതിയും നിയമ സെല്ലും രൂപീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.