ശാസ്താംകോട്ട
കോവിഡിൽ ദുരിതത്തിലായ സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് ഇരുട്ടടിയായി കാലിത്തീറ്റയ്ക്ക് നൽകി വന്ന സബ്സിഡി മിൽമ പിൻവലിച്ചു.ഏഴു മാസമായി നൽകിയിരുന്ന 100 രൂപ സബ്സിഡിയാണ് ഒരു മാസത്തിനുള്ളിൽ രണ്ടു തവണയായി പിൻവലിച്ചത്. കഴിഞ്ഞ മാസം ഒന്നു മുതൽ 30 രൂപയും ഈ ഒന്നു മുതൽ 70 രൂപയും പിൻവലിച്ചു. സബ്സിഡി ഉണ്ടായിരുന്നപ്പോൾ 1140 രൂപയ്ക്ക് ലഭിച്ചിരുന്ന മിൽമ റിച്ച് കാലിത്തീറ്റയ്ക്ക് ഇപ്പോൾ 1240, 1270 രൂപയ്ക്ക് ലഭിച്ചിരുന്ന ഗോൾഡിന് 1370, 1315ന് ലഭിച്ചിരുന്ന ബൈപ്രോ കാലിത്തീറ്റയ്ക്ക് 1415 രൂപയും നൽകണം.
അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന അസംസ്കൃത വസ്തുക്കളുടെ വിലവർധനയാണ് സബ്സിഡി പിൻവലിക്കാൻ കാരണമെന്ന് അധികൃതരുടെ വിശദീകരണം. മിൽമയുടെ കഴിഞ്ഞ ഭരണസമിതി യോഗം സബ്സിഡി പിൻവലിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോഴാണ് നടപ്പിലാക്കിയതെന്നും അധികൃതർ പറയുന്നു. സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ ഇപ്പോൾ ഇതിലും കുറഞ്ഞ വിലയിൽ ലഭിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫീഡ്സിന്റെ വിലയിൽ മാറ്റം ഉണ്ടായിട്ടില്ല.