കണ്ണൂർ: കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ തന്റെ കൈകൾശുദ്ധമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. അഴിമതിയെക്കുിറിച്ച്സത്യസന്ധമായ അന്വേഷണം വേണമെന്നും മുൻ ടൂറിസം മന്ത്രി അനിൽകുമാറിന് ഇതിൽ പങ്കുണ്ടെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ട്. അന്ന് ടൂറിസം മന്ത്രിയായിരുന്ന എ.പി അനിൽ കുമാറും ഡിടിപിസിയും ഏൽപ്പിച്ച കരാർ സംഘം കേരളത്തിലെ ടൂറിസം മേഖലയിൽ നടത്തിയ ഏറ്റവും വലിയ കൊള്ളയാണിതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിൽ വിജിലൻസ് പരിശോധന അവസാനിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിജലൻസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് വന്നപ്പോഴാണ് അഴിമതിയിലെ സത്യാവസ്ഥ മനസിലാക്കിയത്. എംഎൽഎ എന്ന നിലയിലാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ കൊണ്ടുവരാനുള്ള പദ്ധതി മുന്നോട്ടുവെച്ചത്. നിർദേശം സമർപ്പിക്കാൻ മാത്രമേ എംഎൽഎയ്ക്ക് സാധിക്കു. മറ്റുകാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് വകുപ്പുകളും മന്ത്രിതലത്തിലുമാണ്. ഒരുതട്ടിക്കൂട്ട് കമ്പനിയെയാണ് പദ്ധതി ഏൽപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
2016ൽ അബ്ദുള്ളക്കുട്ടി.കണ്ണൂർ എംഎൽഎ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേർന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തിരക്കുപിടിച്ചായിരുന്നു പദ്ധതി.ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാൽ 2018-ൽ കണ്ണൂർ കോട്ടയിൽ ഒരു ദിവസത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാൽ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ഇനത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
content highlights:corruption case, AP Abdullakutty allegation against former minister Anilkumar