ന്യൂഡല്‍ഹി. ദേശീയ ട്വന്റി-20 ടീമിന്റെ നായക പദവി തേടിയെത്തിയിട്ടും നിഷേധിച്ച് അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍. വ്യക്തിഗത പ്രകടനത്തെ ബാധിക്കുമെന്ന ഭയമാണ് റാഷിദിനെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടരെ നായക പദവിയില്‍ മാറ്റം വരുത്തുകയാണ് ടീം. ഹഷ്മത്തുള്ള ഷഹിദിയാണ് ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റന്‍.
“ഒരു കളിക്കാരനെന്ന നിലയിൽ ഞാന്‍ മികച്ചതെന്ന് ബോധ്യമുണ്ട്. ഉപനായകനായി നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട്. നായകനാകുന്നതില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതം. എനിക്ക് ടീമിനായി നന്നായി കളിക്കണം. എന്റെ പ്രകടനത്തെയാണ് ടീം കൂടുതല്‍ ആശ്രയിച്ചിരിക്കുന്നത്,” താരം ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയോട് പറഞ്ഞു.
Also Read: പിതാവിന്റെ മരണ ശേഷവും ഓസ്ട്രേലിയൻ പര്യടനത്തിൽ തുടരാൻ പ്രേരിപ്പിച്ചത് രവിശാസ്ത്രിയുടെ പിന്തുണ: സിറാജ്
ഏറ്റവു പ്രാധാന്യം കല്‍പ്പിക്കുന്നത് വരാനിരിക്കുന്ന ലോകകപ്പാണെന്നും അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്നും താരം പറഞ്ഞു. നായകത്വം എന്നത് അധികഭാരമാണെന്നും റാഷിദ് അഭിപ്രായപ്പെട്ടു. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എടുക്കുന്ന തീരുമാനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും താരം വ്യക്തമാക്കി.
“നിങ്ങളുടെ മുന്നില്‍ രണ്ടോ മൂന്നോ വര്‍ഷമുണ്ടെങ്കില്‍ തയാറെടുക്കാനും, കാര്യങ്ങള്‍ മനസിലാക്കാനും സമയം ലഭിക്കും. ഒരിക്കല്‍ ഞാന്‍ ടീമിനെ നയിച്ചിരുന്നു. എന്റെ മാനസികാവസ്ഥയെക്കുറിച്ച് ബോര്‍ഡിനറിയാം. അതിനാലാണ് ഞാന്‍ ഉപനായകനായി തുടരുമ്പോഴും പുതിയൊരാളെ അവര്‍ തേടുന്നത്,” വലം കൈയ്യന്‍ സ്പിന്നര്‍ പ്രതികരിച്ചു.
The post കളിക്കാരനെന്ന നിലയിലാണ് മികവ് കൂടുതൽ; നായകസ്ഥാനം നിഷേധിച്ചതിൽ റാഷിദ് ഖാൻ appeared first on Indian Express Malayalam.