തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം തുടങ്ങി. കേസിൽ ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഇഡി അന്വേഷണം ആരംഭിച്ചത്. പൊലീസിൽ നിന്ന് എഫ്.ഐ.ആർ. വിവരങ്ങൾ ശേഖരിച്ച ഇഡികേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചു. കേസ് തങ്ങളുടെ പരിധിയിൽ വരുമോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
കേസ് സംബന്ധിച്ച് നേരത്തെ ഇഡിക്ക് പരാതി ലഭിച്ചിരുന്നെങ്കിലും അവർ മറ്റ് നടപടികളിലേക്ക് കടന്നിരുന്നില്ല. ആദായ നികുതി വകുപ്പിന്റെ പരിധിയിൽ വരുന്ന കേസാണിതെന്നും തങ്ങളുടെ പരിധിയിൽ വരില്ലെന്നുമുള്ള വിലയിരുത്തലിലായിരുന്ന ഇഡി. എന്നാൽ തുടർന്നാണ് കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹർജി ഹൈക്കോടതിയിൽ എത്തിയത്. ഹർജി പരിഗണിച്ച കോടതി ഇഡിയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. പത്ത് ദിവസത്തെ സാവകാശമാണ് ഇക്കാര്യത്തിൽ ഇഡി ആവശ്യപ്പെട്ടത്.
ഈ ഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ഇ.ഡി. ആരംഭിച്ചിരിക്കുന്നത്. ഇ.ഡി. പോലീസിൽ നിന്ന് കേസിന്റെ എഫ്ഐആർ ശേഖരിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന കാര്യങ്ങളുടെ വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്. കോടതിക്ക് റിപ്പോർട്ട് നൽകേണ്ട സാഹചര്യത്തിൽ കേസ് തങ്ങളുടെ പരിധിയിൽ വരുമോ എന്നകാര്യമാണ് ഇഡി പരിശോധിക്കുന്നത്.
ബിജെപി നേതാക്കൾക്കെതിരെ ആരോപണമുന്നയിക്കപ്പെട്ട കൊടകര കുഴൽപ്പണ കേസ് എന്തുകൊണ്ട് ഇഡി അന്വേഷിക്കുന്നില്ലെന്ന വിവിധ കോണുകളിൽ നിന്ന് ചോദ്യമുയർന്നിരുന്നു. തങ്ങളുടെ അന്വേഷണ പരിധിയിൽ വരുന്നതല്ലെന്ന നിലപാടിലായിരുന്നു ഇഡി. ഇക്കാര്യത്തിൽ വ്യാപകമായ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഹൈക്കോടതിയിലും ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കപ്പെട്ടത്.
Content Highlights: Enforcement Directorate starts primary enquiry in Kodakara black money case