പത്തനംതിട്ട: തിരഞ്ഞെടുപ്പ് വേളയിൽകെ.സുരേന്ദ്രൻ സഞ്ചരിച്ച ഹെലികോപ്റ്ററിൽ നിന്ന് മാറ്റിയ പെട്ടികളെ ചൊല്ലി ആരോപണം. പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി വി.ആർ സോജിയാണ് പെട്ടികളിലെ ദുരൂഹതമാറ്റണമെന്നാവശ്യപ്പെട്ടത് രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോന്നി ബിജെപി സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ വന്നിറങ്ങിയ ഹെലികോപ്റ്ററിൽ നിന്നും കാറിലേക്ക് രണ്ട് പെട്ടികൾ മാറ്റിയിരുന്നുവെന്നും ഈ പെട്ടികളിൽ എന്തായിരുന്നുവെന്ന് സുരേന്ദ്രൻ വ്യക്തമാക്കണമെന്നും സോജി ആവശ്യപ്പെട്ടു.
കെ. സുരേന്ദ്രന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ബിജെപി ഹെലികോപ്റ്റർ നൽകിയത്. ഈ ഹെലികോപ്റ്ററിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ട് പെരുന്നാട് മാമ്പാട് സ്വകാര്യ വ്യക്തിയുടെ ഹെലിപാട് എന്നിവിടങ്ങളിലാണ് സുരേന്ദ്രൻ വന്നിറങ്ങിയത്. ഈ രണ്ട് സ്ഥലങ്ങളിൽ നിന്നും സഹായികൾ ബാഗ് കാറുകളിലേക്ക് മാറ്റിയിരുന്നു.അന്നേ ഈ ബാഗുകൾ പരിശോധിച്ചിരുന്നുവെങ്കിൽ ഇന്ന് ഈ വിവാദം ഉണ്ടാകുമായിരുന്നില്ലെന്നും പോലീസ് കൃത്യമായ പരിശോധന നടത്തിയിരുന്നില്ലെന്നും സോജി ആരോപിച്ചു.
കൊടകര കുഴൽപ്പണ ക്കേസിൽ കെ സുരേന്ദ്രന് നേരെയും ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ ഈ പെട്ടികളിൽ എന്തായിരുന്നുവെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു.ബാഗിലെന്തായിരുന്നു എന്നത് വിശദീകരിക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ടെന്നും അദ്ദേഹം മറുപടി നൽകണമെന്നും സോജി ആവശ്യപ്പെട്ടു.
Content highlight: mystery behind k Surendran suitcase