തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഉപജീവനമാർഗം പ്രതിസന്ധിയിലായിരിക്കുന്നവരുടെ കൈയിലേക്ക് നേരിട്ട് പണം എത്തിക്കുന്നതിവേണ്ടി പ്രഖ്യാപിച്ച തുക പെൻഷനാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് നേരിട്ട് ജനങ്ങളിലെത്തിക്കും എന്ന പറഞ്ഞ 8900 കോടി രൂപയെ കുറിച്ച് ധനമന്ത്രി വ്യക്തത വരുത്തിയത്.
1740 കോടിയോളം രൂപ ഭക്ഷ്യക്കിറ്റിനാണ് മാറ്റിവെച്ചിരിക്കുന്നത്. ഒരുമാസം നാനൂറ് കോടിയിലധികം രൂപ ഇതിനായി വേണ്ടിവരുന്നുണ്ട്. 1100 കോടി പെൻഷനുകൾ ഇല്ലാത്ത ക്ഷേമപദ്ധതികളിൽ അംഗമല്ലാത്തവർക്ക് വേണ്ടി നേരത്തേ പറഞ്ഞിരുന്നതാണ്. ഈ പണമാണ് അതിൽ ഉൾക്കൊളളിച്ചിരിക്കുന്നത്.- ധനമന്ത്രി പറഞ്ഞു.
എന്നാൽ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ പ്രതിപക്ഷം രംഗത്തെത്തി. ബജറ്റ് പ്രസംഗത്തിൽ നിന്ന് ഭേദഗതിവരുത്തുന്ന പ്രസ്താവനയാണ് ധനമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഉപജീവനമാർഗം പ്രതിസന്ധിയിലായിരിക്കുന്നവരുടെ കൈയിലേക്ക് 8900 കോടി രൂപ നേരിട്ടെത്തിക്കും എന്ന് പ്രഖ്യാപിച്ചിട്ട് പത്രസമ്മേളനത്തിൽ നിലവിലുളള പെൻഷൻ കൊടുക്കും എന്ന് പറഞ്ഞാൽ അതിനെ കാപട്യം എന്നല്ലാതെ എന്തുപേരിട്ട് വിളിക്കുമെന്ന് സതീശൻ ചോദിച്ചു.