തിരുവനന്തപുരം
എല്ലാ സ്കൂൾ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇന്റർനെറ്റ് സൗകര്യം എല്ലായിടത്തും ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. ഇതിനുള്ള കൂടിയാലോചന തുടങ്ങി. ആർക്കും ഡിജിറ്റൽ ക്ലാസ് നഷ്ടപ്പെടാതിരിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ഇപ്പോൾ കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഡിജിറ്റൽ ക്ലാസിന്റെ പരീക്ഷണ സംപ്രേക്ഷണമാണ് ആരംഭിച്ചത്. ഘട്ടംഘട്ടമായി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുകയാണ് ലക്ഷ്യം. അധ്യാപക–- വിദ്യാർഥി ആശയവിനിമയത്തിന് പരമാവധി സാഹചര്യമൊരുക്കുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ അവതരണാനുമതി നോട്ടീസിന് മന്ത്രി മറുപടി നൽകി. കഴിഞ്ഞവർഷം 2.6 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസിനുള്ള അസൗകര്യമുണ്ടായതായി സമഗ്ര ശിക്ഷാ കേരള പഠനം വ്യക്തമാക്കി.
സർക്കാരിനൊപ്പം പൊതുസമൂഹവും കൈകോർത്ത് ഈ വിടവ് നികത്തി. ഇത്തവണ 49,000 കുട്ടികൾക്ക് പ്രയാസമുണ്ടെന്നാണ് വിലയിരുത്തൽ. ആകെ സ്കൂൾകുട്ടികളുടെ ഒരു ശതമാനത്തിൽ താഴെവരുന്ന ഇവർക്കും ട്രയൽകാലത്തിനുള്ളിൽത്തന്നെ മതിയായ സൗകര്യം ഉറപ്പാക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.