തിരുവനന്തപുരം
കുഴൽപ്പണക്കേസിൽ കേന്ദ്രനേതൃത്വം ഇടപെട്ട് പുറത്താക്കുന്നതിനുമുമ്പ് കെ സുരേന്ദ്രനും സംഘവും സ്ഥാനമൊഴിയണമെന്ന് വിമതർ. സുരേന്ദ്രനെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരനല്ലാതെ മറ്റാരും രംഗത്തിറങ്ങാത്തതും അതിനാലാണ്. നിസ്സാര കാര്യങ്ങളിൽപ്പോലും ചാനൽ ചർച്ചയിൽ സജീവമാകുന്ന ഒരാളും ഇതുവരെ മിണ്ടിയിട്ടില്ല. സാധാരണ പ്രവർത്തകർക്കും മുതിർന്ന നേതാക്കൾക്കും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമുണ്ടാക്കിയത് സുരേന്ദ്രനും വി മുരളീധരനുമടങ്ങുന്ന നേതൃത്വമാണെന്നാണ് മറ്റ് നേതാക്കളുടെ പ്രധാന ആക്ഷേപം. ഇക്കാര്യം മുതിർന്ന നേതാവ് പി പി മുകുന്ദൻ ചാനലിൽ പരസ്യമായി പറയുകയും ചെയ്തു.
അതിനിടെ, സുരേന്ദ്രനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം തുടങ്ങി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി 400 കോടി രൂപ കേരളത്തിന് കൊടുത്തുവിട്ടെന്ന് സമ്മതിക്കുന്ന പ്രചാരകർ 140 കോടി രൂപമാത്രമാണ് ഇവിടെ ചെലവഴിച്ചതെന്ന് സമ്മതിക്കുന്നു. ബാക്കിപണം ചില നേതാക്കളുടെ സ്വകാര്യശേഖരത്തിലേക്കാണ് പോയതെന്നും സൂചിപ്പിക്കുന്നു. മൂന്നു വർഷത്തിനിടെ 1000 കോടി രൂപ കേരളത്തിലെ ബിജെപിക്കായി എത്തിച്ചിട്ടുണ്ടെന്നാണ് വിവരം.
വിമതനീക്കം ശക്തം
കുഴൽപ്പണ കേസിനു പിന്നാലെ സി കെ ജാനുവിന് പണം കൊടുക്കാമെന്ന് സുരേന്ദ്രൻ പറഞ്ഞ ശബ്ദരേഖകൂടി പുറത്തുവന്നതോടെയാണ് വിമതനീക്കം ശക്തമായത്. ശബ്ദരേഖ കൃത്രിമമാണെന്ന് വരുത്താനുള്ള ശ്രമവും തിരിച്ചടിയായി. അതേസമയം, സുരേന്ദ്രൻ ഒറ്റപ്പെട്ടത് ചർച്ചയായ സാഹചര്യത്തിൽ ചില നേതാക്കളെ അനുകൂലമായി രംഗത്തിറക്കാൻ വി മുരളീധരനും ശ്രമം തുടങ്ങി.