തിരുവനന്തപുരം
പ്രതിപക്ഷനേതാവിനെ ഏകപക്ഷീയമായി നിയോഗിച്ചതിനെതിരെ ഗ്രൂപ്പുകൾ തുടരുന്ന ‘നിസ്സഹകരണ സമര’ത്തിന് ഹൈക്കമാൻഡ് വഴങ്ങി. മുതിർന്ന നേതാക്കളെ അനുനയിപ്പിച്ചശേഷമേ പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കൂ. ഇക്കാര്യത്തിൽ തിടുക്കം വേണ്ടെന്നും സമവായം ഉണ്ടാകണമെന്നും സോണിയ ഗാന്ധി നിർദേശം നൽകി. കേരളത്തിൽ നിന്നൊഴുകിയ ഗ്രൂപ്പ് മാനേജർമാരുടെ പരാതികൾകൂടി കണക്കിലെടുത്താണ് തീരുമാനം.
ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി ചുമതലയുള്ള താരീഖ് അൻവർ ഓൺലൈനിൽ ചർച്ച നടത്തും. ലോക്ഡൗൺ കഴിഞ്ഞാൽ അൻവർ കേരളത്തിലെത്തും. താരീഖ് അൻവർ നൽകുന്ന റിപ്പോർട്ട് ഹൈക്കമാൻഡ് പരിശോധിച്ച ശേഷമാകും പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുക. പ്രതിപക്ഷനേതാവിനെ ഏകപക്ഷീയമായി തീരുമാനിച്ചതിനെതിരെ എ–-ഐ ഗ്രൂപ്പുകളും മുതിർന്ന നേതാക്കളും ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നിലപാട് മയപ്പെടുത്തിയത്.
സഹായം കിട്ടാതെ ചവാൻ സമിതി
തെരഞ്ഞെടുപ്പ് തോൽവി പഠിക്കാനെത്തിയ അശോക് ചവാൻ സമിതിയുടെ റിപ്പോർട്ട് കഴിഞ്ഞദിവസം ഹൈക്കമാൻഡിന് സമർപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്നാണ് ഹൈക്കമാൻഡ് പറഞ്ഞിരുന്നത്. എന്നാൽ, ഈ സമിതിയോട് സഹകരിക്കാൻ മുതിർന്ന നേതാക്കളാരും തയ്യാറായിരുന്നില്ല. . തന്നോട് ചോദിച്ചാൽമാത്രം അഭിപ്രായം പറയുമെന്നാണ് ഉമ്മൻചാണ്ടിയുടെ നിലപാട്. ചെന്നിത്തലയും മുല്ലപ്പള്ളിയും പൂർണ മൗനത്തിലാണ്. തങ്ങളെ അവഗണിച്ചാണ് തീരുമാനമെടുക്കുന്നതെങ്കിൽ പ്രത്യാഘാതം ഹൈക്കമാൻഡ്തന്നെ ഏറ്റെടുക്കണമെന്ന ഇവരുടെ നിശ്ശബ്ദഭീഷണിയിൽ അപകടം മണത്താണ് സോണിയതന്നെ ഇടപെട്ടത്.