ബാഡ്മിന്റൺ കോർട്ടിലെ തിളങ്ങുന്ന രാജ്യാന്തര താരമാണ് അപർണ ബാലൻ. കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ അടക്കം നിരവധി നേട്ടങ്ങൾ കൈവരിച്ചു. ഒമ്പത് ദേശീയ ചാമ്പ്യൻഷിപ്പുകളിൽ ജേതാവായ താരം പത്താം കിരീടത്തിനുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് കോവിഡും ലോക്ക്ഡൗണും വന്നത്. ആ അനുഭവങ്ങൾ അപർണ പങ്കുവയ്ക്കുന്നു.
പതിനൊന്നാം വയസിൽ ബാഡ്മിന്റൺ കളിക്കാൻ തുടങ്ങിയതാണ്. ഓരോ വർഷവും 15 ടൂർണമെന്റ് വരെ കളിച്ചിരുന്നു. 2020 ഫെബ്രുവരിയിൽ ഉത്തർപ്രദേശിലെ ബറേലിയിൽ നടന്ന ഓൾ ഇന്ത്യാ സീനിയർ നാഷണൽ റാങ്കിങ് ടൂർണമെന്റിലാണ് അവസാനം കളിച്ചത്. ഡബിൾസിൽ ജേതാക്കളായി. ആരതി സാറാ സുനിലായിരുന്നു പങ്കാളി. ആ ഏപ്രിലിൽ ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരീസ് ഉണ്ടാകുമെന്ന് പറഞ്ഞതാണ്. പക്ഷേ കോവിഡ് വന്നതോടെ എല്ലാം നിലച്ചു.
എതെങ്കിലുമൊരു ചാമ്പ്യൻഷിപ്പിൽ കളിച്ചിട്ട് 15 മാസമായി. കളിക്കാൻ കൊതിയാകുന്നു. ബാറ്റെടുക്കാൻ കൈ തരിക്കുന്നുണ്ട്. ഉറക്കത്തിൽ കളിക്കാൻ പോകുന്ന കാര്യങ്ങളൊക്കെ സ്വപ്നം കാണുന്നുണ്ട്. എത്ര ടൂർണമെന്റുകൾ, എത്ര എത്ര യാത്രകൾ എല്ലാം നഷ്ടം. കോവിഡ് കാലം മാറി എത്രയും വേഗം കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൊച്ചി കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിശീലനം.
ആദ്യ ലോക്ക്ഡൗൺ കാലത്ത് കോഴിക്കോട് കോട്ടൂളിയിലെ എന്റെ വീട്ടിലായിരുന്നു. ഇപ്പോൾ ഉള്ളത് പത്തനംതിട്ട പ്രാക്കാനത്ത് ഭർത്താവ് എം എസ് സന്ദീപിന്റെ അടുത്താണ്. എന്റെ വീട്ടിൽ നിറയെ ചെടികളാണ്. പത്തനംതിട്ടയിൽ ചെടികൾ കുറവായിരുന്നു. ഇപ്പോൾ വീട് നിറയെ ചെടികളാണ്. കൂടുതലും വീട്ടിനുള്ളിൽ വളർത്താവുന്നത്.
വീട്ടിലിരുന്ന സമയവും ‘ബോട്ടിൽ ആർട്ട്’ ചെയ്യാനാണ് ഉപയോഗിച്ചത്. കിട്ടുന്ന കുപ്പികളിലെല്ലാം കരവിരുത് കാണിച്ചു. അലമാരകൾ നിറഞ്ഞു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാം ചിത്രക്കുപ്പികൾ സമ്മാനമായി നൽകുന്നതും സന്തോഷകരമാണ്.
ഇനിയും ഒരുപാട് കാലം കോർട്ടിൽ നിൽക്കണമെന്നാണ് ആഗ്രഹം. 2022ലെ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും രാജ്യത്തിനായി കളിക്കണം. സ്പോർട്സ് പ്രേമിയായ ഭർത്താവ് സന്ദീപും രണ്ട് വീട്ടുകാരും നല്ല പിന്തുണയാണ്. വീട്ടിൽ വ്യായാമത്തിന് സന്ദീപും ഒപ്പമുണ്ടാകും. കോവിഡ് കാലം എത്രയും വേഗം ഒന്ന് തീർന്ന് കിട്ടിയാൽ മതി.