തിരുവനന്തപുരം
കാലവർഷം, ടൗട്ടെ ചുഴലിക്കാറ്റ് എന്നിവമൂലം 24,043 ഹെക്ടറിലെ കൃഷി നശിച്ചതായി മന്ത്രി പി പ്രസാദ് നിയമസഭയെ അറിയിച്ചു. മെയ് 11 മുതൽ ജൂൺ ഒന്നുവരെ 1,68,809 പേർക്ക് കൃഷിനാശമുണ്ടായി. 828.41 കോടിയുടെ നഷ്ടമുണ്ട്. വിളനാശത്തിനുള്ള അപേക്ഷ 30 വരെ നൽകാം. നാശമുണ്ടായ എല്ലാ കർഷകർക്കും നഷ്ടപരിഹാരം ലഭ്യമാക്കാനാണ് തീയതി ദീർഘിപ്പിച്ചത്.
നഷ്ടപരിഹാരമായി 67.02 കോടി രൂപ അനുവദിക്കാനുള്ള ശുപാർശ ലഭിച്ചു. 49.92 കോടി പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയിൽനിന്ന് നൽകി. സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽനിന്ന് 4.81 കോടി രൂപയുടെ ശുപാർശ പരിഗണനയിലാണെന്നും കെ പി എ മജീദിന്റെ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി വ്യക്തമാക്കി. അഞ്ചുവർഷത്തിൽ 704.29 കോടി രൂപ കർഷകർക്ക് നഷ്ടപരിഹാരം നൽകി. ഇതിൽ 137 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ്.