തിരുവനന്തപുരം/കൊച്ചി
ലക്ഷദ്വീപിനെ സംഘപരിവാർ പിടിയിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ അണിനിരന്നത് ജനലക്ഷങ്ങൾ. ‘കടലിൽ താമര വിരിയില്ല’ എന്ന ശീർഷവാചകത്തിനു കീഴിൽ സംസ്ഥാനത്ത് പ്രതിഷേധം നടന്നത് പതിനായിരത്തിലധികം സമരകേന്ദ്രത്തിൽ.
ലക്ഷദ്വീപിനെ സംരക്ഷിക്കുക, അഡ്മിനിസ്ട്രേറ്ററെ കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ് സംസ്ഥാനത്തെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസിനുമുന്നിലും പ്രതിഷേധം സംഘടിപ്പിച്ചത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇരുപതിൽത്താഴെ പേരാണ് ഓരോ സമര കേന്ദ്രത്തിലും പങ്കെടുത്തത്. തിരുവനന്തപുരം ജിപിഒയ്ക്കുമുന്നിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഉദ്ഘാടനംചെയ്തു. ഏജീസ് ഓഫീസിനു മുന്നിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജിഎസ്ടി കമീഷണർ ഓഫീസിനു മുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ഉദ്ഘാടനംചെയ്തു. സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം വട്ടിയൂർക്കാവ് പോസ്റ്റ് ഓഫീസിനു മുന്നിലും കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ആർഎംഎസിനു മുന്നിലും സമരത്തിൽ പങ്കെടുത്തു. ജില്ലയിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിൽ പ്രതിഷേധമുയർന്നു.
കോവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തകർ പങ്കെടുത്തു.
കലൂരിൽ റിസർവ് ബാങ്കിനുമുന്നിലെ പ്രതിഷേധം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷനായി. ബോട്ടുജെട്ടിയിൽ ബിഎസ്എൻഎൽ ഓഫീസിനുമുന്നിലെ സമരം എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്തു. ജനതാദൾ ജില്ലാ പ്രസിഡന്റ് സാബു ജോർജ് അധ്യക്ഷനായി.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ്മണി വെണ്ണല ടെലിഫോൺ എക്സ്ചേഞ്ചിനുമുന്നിലും കെ ചന്ദ്രൻപിള്ള ഉദ്യോഗമണ്ഡൽ പോസ്റ്റ് ഓഫീസിനുമുന്നിലും എസ് ശർമ പറവൂർ ഏഴിക്കര പോസ്റ്റ് ഓഫീസിനുമുന്നിലും പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ലയിൽ എല്ലാ ഏരിയ, ലോക്കൽ തലത്തിലും ടെലിഫോൺ എക്സ്ചേഞ്ചുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും മുന്നിൽ പ്രതിഷേധം നടന്നു.