യാതൊരു സാധ്യതയുമില്ലാത്ത വാർത്തയാണ് പുറത്തുവന്നതെന്നും ജോസ് കെ മാണി പ്രതികരിച്ചു. ജോസ് കെ മാണി കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായേക്കുമെന്ന് മനോരമ ഓൺലൈനാണ് റിപ്പോർട്ട് ചെയ്‌തത്. ഈ പദവി ലഭിച്ചില്ലെങ്കിൽ കാർഷിക കമ്മീഷൻ രൂപീകരിച്ച് ചെയർമാൻ സ്ഥാനം നൽകാനും ആലോചനയുണ്ടെന്നായിരുന്നു റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് പാർട്ടി ചെയർമാൻ കൂടിയായ അദ്ദേഹം പ്രതികരണം നടത്തിയ ത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജകമണ്ഡലത്തിൽ തോൽവി സംഭവിച്ചതിന് പിന്നാലെ ജോസ് കെ മാണിക്ക് മറ്റ് പദവികൾ നൽകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഭരണപരിഷ്‌കാര കമ്മീഷൻ സ്ഥാനത്തേക്ക് അദ്ദേഹം എത്തുമെന്ന വാർത്തകൾ പുറത്തുവന്നത്.
അതേസമയം, ജനപിന്തുണയുള്ള കൂടുതൽ നേതാക്കൾ കോൺഗ്രസിൽ നിന്നും യുഡിഎഫിൽ നിന്നുമായി വരുമെന്ന് ജോസ് കെ മാണി പറഞ്ഞു. അവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല. പാർട്ടിയുടെ അതാത് ജില്ലാ കമ്മിറ്റികൾക്ക് ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കൂടുതൽ നേതാക്കൾ പാർട്ടിയിലേക്ക് എത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ മാസം 14ന് പാർട്ടിയുടെ സ്‌റ്റിയറിങ് കമ്മിറ്റി ചേരുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.