തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മൊഴിയെടുക്കും. പണം വന്നത് പല നേതാക്കൾക്കും അറിവുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
പണം വന്നത് ആർക്കുവേണ്ടിയാണെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമായിരുന്നുവെന്ന് ബി.ജെ.പി. ആലപ്പുഴ ജില്ലാ ട്രഷററുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്റെ മൊഴിയെടുക്കാനുള്ള നീക്കം.
അതേസമയം, കവർച്ചയിൽ നേതാക്കൾക്ക് പങ്കുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടില്ല. എന്നാൽ, പണം വന്നത് സംബന്ധിച്ചും വിതരണം സംബന്ധിച്ചും നേതാക്കൾക്ക് കൃത്യമായി വിവരമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ചോദ്യം ചെയ്യൽ കടുപ്പിച്ചതോടെയാണ് ആലപ്പുഴ ജില്ലാ ട്രഷറർ കർത്ത സംസ്ഥാന നേതൃത്വത്തിലേക്ക് പഴിചാരിയത്. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് കെ. സുരേന്ദ്രൻ. ഇതിനിടെ ബി.ജെ.പിയുടെ ആലപ്പുഴ ജില്ലയിലെ ചില സ്ഥാനാർഥികളേയും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്നും പോലീസ് വ്യക്തമാക്കി.
Content Highlights:kodakara hawala case- K. Surendrans statement will be taken