കണ്ണൂർ: തങ്ങൾ കള്ളത്തരമാണ് പറയുന്നതെന്ന് തെളിയിക്കാൻ കെ. സുരേന്ദ്രനെ വെല്ലുവിളിച്ച് ജെ ആർപി നേതാവ് പ്രസീത. പുറത്തുവന്ന ശബ്ദരേഖ ഒരുവിധത്തിലും എഡിറ്റ് ചെയ്തിട്ടില്ല. ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന് ആർക്കുവേണമെങ്കിലും പരിശോധിക്കാം. സുരേന്ദ്രനിൽനിന്ന് സി.കെ. ജാനു പണം വാങ്ങിയെന്ന കാര്യം അവർ തന്നോട് സമ്മതിച്ചിരുന്നതായും പ്രസീത പറഞ്ഞു.
ഏഴാം തീയതി തിരുവനന്തപുരത്തെ ഹൊറൈസൺ ഹോട്ടലിൽ സികെ ജാനു ഉണ്ടായിരുന്നു. അന്ന് അവിടെ കെ. സുരേന്ദ്രൻ വന്നിരുന്നു. അവിടെവെച്ചാണ് പണം കൈമാറിയത്. അതിനു മുൻപ് കെ. സുരേന്ദ്രൻ തന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു. ഇക്കാര്യങ്ങളൊക്കെ പരിശോധിക്കാവുന്നതാണ്. പണം കിട്ടിയിട്ടുണ്ടെന്ന് സി.കെ ജാനു സമ്മതിച്ചിട്ടുണ്ടെന്നും പ്രസീത പറഞ്ഞു.
കാട്ടിക്കുളത്തും കൽപ്പറ്റയിലും ജാനു നടത്തിയ ഇടപാടുകൾ പരിശോധിച്ചാൽ പണം ഉപയോഗിച്ച് എന്താണ് ചെയ്തെന്ന് വ്യക്തമാകും. നിരോധിത സംഘടനകളുമായി ഇടപാടുകൾ ഉണ്ടായിരുന്നു. ചിലർ വന്ന് കണ്ടിരുന്നു. അവരുമായി ബന്ധപ്പെട്ടാണ് പണം ഉപയോഗിച്ചിരിക്കുന്നതെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. നിരോധിത സംഘടനകൾ ഏതൊക്കെയാണെന്ന കാര്യം വെളിപ്പെടുത്താൻ പ്രസീതതയ്യാറായില്ല.
സുൽത്താൻ ബത്തേരിയിൽ ഇത്തവണ ബി.ജെ.പി. സ്ഥാനാർത്ഥി ആയിരുന്ന സികെ. ജാനുവുമായി താൻ സംസാരിച്ചിട്ടില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇന്ന് പറഞ്ഞിരുന്നു. സി.കെ. ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും അവർക്ക് ഒരു രൂപ പോലും കൊടുത്തിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഓഡിയോ ക്ലിപ്പിൽ കൃത്രിമം നടന്നിട്ടുണ്ട്. ഓഡിയോ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവൻ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങൾ വ്യക്തമാകൂ എന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
Content Highlights:audio record can be verified, C.K. Janu, black money, BJP, Praseetha














