കോഴിക്കോട്> സി കെ ജാനുവിന് 10 ലക്ഷം രൂപ നല്കാന് തയ്യാറാണെന്നു ഫോണില് പറഞ്ഞത് നിഷേധിക്കാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. ” തെരഞ്ഞെടുപ്പ് സമയത്ത് പലരും വിളിക്കും. പ്രസീതയും വിളിച്ചിട്ടുണ്ട്. അവരോട് അനുഭാവത്തോടെ സംസാരിച്ചിട്ടുമുണ്ടാകും. എന്നാല് ശബ്ദ സന്ദേശം മുഴുവനായി കേട്ടാലേ കൂടുതല് പറയാനാകൂ. പ്രചരിക്കുന്ന സന്ദേശത്തില് കൃത്രിമം നടന്നതായി സംശയമുണ്ട് ”-സുരേന്ദ്രന് വാര്ത്താ സമ്മേളനത്തില് പറഞ്ഞു. കൊടകര കുഴല്പ്പണം കടത്തു കേസിൽ അധികാരപരിധിയിൽ കവിഞ്ഞ കാര്യങ്ങളാണ് പൊലീസ് നടത്തുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് ബന്ധമില്ലെന്നും മാധ്യമങ്ങൾ ഇല്ലാകഥകളാണ് പ്രചരിപ്പിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ആസൂത്രിതമായ കള്ള പ്രചാരണമാണ് നടക്കുന്നത്. കേസുമായി ബന്ധപ്പെട്ടവരെയല്ല ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. അര്ദ്ധ സത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നു. വലിയ പുകമറ സൃഷ്ടിക്കുകയാണ് .
ബിജെപിക്ക് ഒരു ബന്ധവും ഇല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായി ബന്ധപ്പെട്ട പണമായിരുന്നെങ്കിൽ എന്തിനാണ് ധർമ്മരാജൻ കേസ് കൊടുക്കുന്നത് എന്നും സുരേന്ദ്രൻ ചോദിച്ചു. കേസുമായി ബന്ധമില്ലാത്തതിനാലാണ് അന്വേഷണവുമായി സഹകരിക്കുന്നത്. ധര്മ്മരാജന് പോസ്റ്ററും കൂപ്പണും മറ്റുമാണ് ബിജെപിയ്ക്ക് വേണ്ടി കൊണ്ടുവന്നതെന്നും സുരേന്ദ്രന് അവകാശപ്പെട്ടു.