ന്യൂഡല്ഹി> മുതിര്ന്ന മാധ്യമപ്രവര്ത്തകന് വിനോദ് ദുവയ്ക്കെതിരെയുള്ള രാജ്യദ്രോഹ കേസ് സുപ്രീം കോടതി റദ്ദാക്കി .പ്രധാനമന്ത്രിക്കെതിരായ വിമര്ശനം രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
വടക്ക് കിഴക്കന് ഡല്ഹിയില് കഴിഞ്ഞ ഫെബ്രുവരിയില് നടന്ന കലാപത്തില് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര സര്ക്കാരിനെയും ചോദ്യം ചെയ്ത് മാര്ച്ച് 11ന് തന്റെ യുട്യൂബ് ചാനലില് പോസ്റ്റ് ചെയ്ത ഷോയുടെ പേരിലാണ് വിനോദ് ദുവയ്ക്കെതിരെ ഹിമാചല് പ്രദേശ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.
മാധ്യമപ്രവര്ത്തകര്ക്ക് രാജ്യദ്രോഹ കേസില് നിന്ന് സംരക്ഷണം വേണം. സുപ്രീംകോടതിയുടെ കേദാര് സിംഗ് കേസിലെ വിധിപ്രകാരമുള്ള സംരക്ഷണം നല്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
കേസില് ജസ്റ്റീസ് യു.യു.ലളിത്, വിനീത് ശരണ് എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പരാതിക്കാരന്, ഹിമാചല് സര്ക്കാര് എന്നിവരുടെ വാദം കേട്ടശേഷമായിരുന്നു കോടതി ഉത്തരവ്. രാജ്യദ്രോഹത്തിന്റെ പരിധിയില് വരുന്ന കാര്യങ്ങളുള്പ്പെടുന്ന വിധി കേദാര് സിംഗ് കേസില് നടത്തിയിരുന്നുവെന്നും വിമര്ശനം എന്ന പേരില് രാജ്യദ്രോഹം ചുമത്താനാകില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്ത്തു.
ഷോയിലെ പരാമര്ശങ്ങള് മതസ്പര്ദ്ധ വളര്ത്തുന്നതും വ്യാജ വാര്ത്ത പ്രചരിപ്പിക്കുന്നതുമാണെന്ന് ആരോപിച്ച് പ്രാദേശിക ബിജെപി നേതാവ് അജയ് ശ്യാം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ദുവയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നത്.