ബൽജിയം
ഗ്രൂപ്പ് ഘട്ടത്തിൽ 10 കളിയിൽ 10 ജയം. ടോപ് സ്കോറർ: റൊമലേു ലുക്കാക്കു (7 ഗോൾ).മികച്ച പ്രകടനം: രണ്ടാം സ്ഥാനം (1980). 2016ലെ പ്രകടനം: ക്വാർട്ടർ, വെയിൽസിനോട് 1‐3ന് തോറ്റു. പരിശീലകൻ: റോബർട്ടോ മാർട്ടിനെസ്. സ്പാനിഷ് മധ്യനിരക്കാരനായ മാർട്ടിനെസ് 2016 മുതൽ ബൽജിയം ടീമിന്റെ പരിശീലകനാണ്. 2018 ലോകകപ്പിൽ ബൽജിയത്തിന് മൂന്നാം സ്ഥാനം നൽകിയതാണ് പ്രധാന നേട്ടം.
പ്രധാന താരം: കെവിൻ ഡി ബ്രയ്ൻ. 2019‐20 സീസൺ ചാമ്പ്യൻസ് ലീഗിലെ മികച്ച മധ്യനിര താരമായ തെരഞ്ഞെടുക്കപ്പെട്ട ഡി ബ്രയ്ൻ യൂറോ യോഗ്യതയിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആറ് മത്സരങ്ങളിൽ നാല് ഗോൾ നേടി. ഏഴ് ഗോളിന് അവസരവുമൊരുക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ ചാമ്പ്യൻമാരാക്കിയതിന് പിന്നിൽ ഡി ബ്രയ്ന്റെ മികവാണ്.
ശ്രദ്ധേയ താരം: യൂറി ടിയെലമാൻസ്. ഇംഗ്ലീഷ് എഫ് എ കപ്പിൽ ലെസ്റ്റർ സിറ്റിക്ക് കിരീടം നൽകിയത് ടിയെലമാൻസിന്റെ മികവായിരുന്നു. മധ്യനിരയിൽ ഭാവനാ സന്പന്നമായ നീക്കങ്ങൾ നടത്താനാകും ഈ ഇരുപത്തിനാലുകാരന്. ആദ്യ മത്സരം: 12ന് റഷ്യക്കെതിരെ.
റഷ്യ
യോഗ്യതാ ഘട്ടത്തിൽ 8 ജയം, 2 തോൽവി. ടോപ് സ്കോറർ: ആർടെം സ്യൂബ (9 ഗോൾ). മികച്ച പ്രകടനം: ചാന്പ്യൻമാർ (1960‐ യുഎസ്എസ്ആർ, സെമി (2008).2016ലെ പ്രകടനം: ഗ്രൂപ്പ് ഘട്ടം. പരിശീലകൻ: സ്റ്റാനിസ്ലാവ് ചെർചെസോവ്. മുൻ ഗോൾ കീപ്പറായിരുന്നു ചെർചെസോവ് 2016ലാണ് റഷ്യൻ ടീമിന്റെ ചുമതലയേൽക്കുന്നത്. 2018 ലോകകപ്പിൽ ടീമിനെ ക്വാർട്ടറിലെത്തിക്കാൻ കഴിഞ്ഞു.
പ്രധാന താരം: ആർടെം സ്യൂബ. റഷ്യൻ ഫുട്ബോളിൽ നിലവിലെ മികച്ച ഗോളടിക്കാരൻ. സെനിത് ക്ലബ്ബിന്റെ മുന്നേറ്റക്കാരനിലാണ് റഷ്യയുടെ പ്രതീക്ഷകൾ. അലെക്സാണ്ടർ കെർസക്കോവിന്റെ 30 ഗോളിന് അടുത്തെത്തി റഷ്യൻ ക്യാപ്റ്റൻ. ശ്രദ്ധേയ താരം: അലെക്സാണ്ടർ സോബോലെവ്. അരങ്ങേറ്റ മത്സരത്തിൽതന്നെ ഗോളടിച്ച താരമാണ് സോബോലെവ്. സ്യൂബയുടെ പിൻഗാമിയായാണ് ഈ ഇരുപത്തിനാലുകാരനെ വിശേഷിപ്പിക്കുന്നത്. ആദ്യ കളി: 12ന് ബൽജിയത്തിനെതിരെ.
ഡെൻമാർക്ക്
യോഗ്യതാ ഘട്ടത്തിൽ 4 ജയം, 4 സമനില. ടോപ് സ്കോറർ: ക്രിസ്റ്റ്യൻ എറിക്സൺ (5 ഗോൾ). മികച്ച പ്രകടനം: ചാന്പ്യൻമാർ (1992).2016ൽ യോഗ്യത നേടിയില്ല
പരിശീലകൻ: കാസ്പെർ ഹ്യുൽമാൻഡ്. 2020 ജൂലൈയിലാണ് ഹ്യുൽമാൻഡ് ഡാനിഷ് ടീമിന്റെ പരിശീലകനാകുന്നത്. ഏജ് ഹരേയ്ദിയുടെ പകരക്കാരനായി എത്തി. പ്രധാന താരം: ക്രിസ്റ്റ്യൻ എറിക്സൺ. ഡാനിഷ് ടീമിലെ സൂപ്പർ താരം. 100 മത്സരങ്ങളിൽ കൂടുതൽ കളിച്ചു. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ആക്രണാത്മക മധ്യനിരക്കാരിലൊരാളാണ് ഈ ഇരുപത്തൊന്പതുകാരൻ.ശ്രദ്ധേയ താരം: ആൻഡ്രിയാസ് സ്കോവ് ഓൾസെൺ.ഇറ്റാലിയൻ ലീഗിൽ ബൊളോഞ്ഞയുടെ കളിക്കാരൻ. ഡെൻമാർക്കിനായി അഞ്ച് കളിയിൽ മൂന്ന് ഗോളടിച്ചു. നാലെണ്ണത്തിന് അവസരവുമൊരുക്കി. ആദ്യ മത്സരം: 12ന് ഫിൻലൻഡിനെതിരെ.
ഫിൻലൻഡ്
യോഗ്യതാ ഘട്ടത്തിൽ 6 ജയം, 4 തോൽവി.ടോപ് സ്കോറർ: ടീമു പുക്കി (10 ഗോൾ). യൂറോയ്ക്ക് യോഗ്യത നേടുന്നത് ആദ്യം. പരിശീലകൻ: മാർക്കു കനേർവ. ഫിന്നിഷ് ലീഗിൽ എച്ച്ജെകെ ക്ലബ്ബിനൊപ്പം അഞ്ച് തവണ ചാന്പ്യനായിരുന്നു കനേർവ. 2016ൽ പരിശീലകനായി. ടീമിനെ ആദ്യമായി യൂറോയിലുമെത്തിച്ചു. മികച്ച താരം: ടീമു പുക്കി. പുക്കിയുടെ ഗോളടി മികവാണ് ഫിൻലൻഡിന്റെ സമീപകാലത്തെ മികച്ച പ്രകടനത്തിന് പിന്നിൽ. 2018ൽ നോർവിച്ച് സിറ്റിയിൽ എത്തിയ പുക്കി ഗോളടിയിലുംമുന്നേറി. ശ്രദ്ധേയ താരം: ഫ്രെഡ്രിക് ജെൻസെൺ. ജർമൻ ലീഗ് ക്ലബ്ബ് ഓഗ്സ്ബുർഗിന്റെ വിങ്ങറാണ് ജെൻസെൺ. ദേശീയ ടീമിൽ മികവുണ്ടാക്കാൻ കഴിയുന്ന താരമാണ് ഈ ഇരുപത്തിമൂന്നുകാരൻ. ആദ്യ മത്സരം: 12ന് ഡെൻമാർക്കുമായി.