തിരുവനന്തപുരം
തീര പരിപാലന പദ്ധതി തയ്യാറാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ഉറപ്പാക്കുന്ന മുറയ്ക്കേ 2019ലെ തീരദേശ പരിപാലന നിയമ ഭേദഗതി വിജ്ഞാപനത്തിന്റെ ഇളവുകൾ സംസ്ഥാനത്ത് ലഭിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2011ലെ തീരദേശ പരിപാലന നിയമത്തിൽ ഭേദഗതി വരുത്തിയുള്ള വിജ്ഞാപനമാണിത്. തീരദേശ പരിപാലന പദ്ധതി തയ്യാറാക്കുന്നത് തിരുവനന്തപുരം കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രമാണ്. ആദ്യ കരട് തയ്യാറായി. ഇതിൽ തീരദേശ പരിപാലന അതോറിറ്റിയുടെ വിശദ പരിശോധനയ്ക്കുശേഷം പൊതുജന അഭിപ്രായം തേടും. തുടർന്ന് സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങളടക്കം കേന്ദ്ര പരിസ്ഥിതി- മന്ത്രാലയത്തിന് സമർപ്പിക്കുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
സംയോജിത തീരദേശ പരിപാലന പദ്ധതിയിലേക്ക് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളെ രണ്ടാംഘട്ടത്തിലാണ് കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിട്ടുള്ളത്. തീരദേശങ്ങളുടെയും സമുദ്ര പാരിസ്ഥിതിക പ്രവർത്തനങ്ങളുടെയും സംരക്ഷണം, തീരദേശ മലിനീകരണ നിയന്ത്രണം, അനുബന്ധ അടിസ്ഥാന സൗകര്യവികസനം, തീരദേശ സമൂഹങ്ങളുടെ ഉപജീവന സംരക്ഷണം, സുസ്ഥിരമായ വികസനം, സംയോജിത തീരദേശ പരിപാലന പദ്ധതിയുടെ ശേഷി വികസനവും നടപ്പാക്കലും ആണ് പദ്ധതി ലക്ഷ്യങ്ങൾ.
വേമ്പനാട്ട് കായൽ പ്രത്യേക സമഗ്ര പദ്ധതിയിൽ സുസ്ഥിര വിനോദ സഞ്ചാര പ്രവർത്തനങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ, തനത് പരിസ്ഥിതി സംരക്ഷണ പദ്ധതികൾ, സാമുദ്രിക പദ്ധതികളും കായൽ പദ്ധതികളും നിലനിർത്തുന്ന ജല സംയോജനം സാധ്യമാക്കൽ, പാരിസ്ഥിതിക ഘടകങ്ങളിലെ വ്യതിയാനങ്ങൾ നിരീക്ഷിച്ച് വിലയിരുത്തൽ തുടങ്ങിയവ ഉൾപ്പെടുന്നു. ഇവ മുകൾഭാഗത്തെ നീർത്തടവൃഷ്ടി പ്രദേശങ്ങളിലും താഴെ ജലപ്രദേശങ്ങളിലും ഫലപ്രദമായി നടപ്പാക്കണം. സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങി. ആദ്യ വർഷത്തേക്ക് 1.41 കോടി രൂപ അനുവദിച്ചു. സമഗ്ര മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ വെസ്റ്റ്ലാൻഡ് ഇന്റർനാഷണൽ സൗത്ത് ഏഷ്യയുടെ നിർദേശം സർക്കാരിന്റെ പരിഗണനയിലാണെന്നും കെ ബാബുവിന്റെ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.