തിരുവനന്തപുരം
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയം നിയമസഭ പാസാക്കി. മൂന്ന് ദിവസത്തെ ചർച്ചയ്ക്കൊടുവിൽ മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് വോട്ടിനിട്ടാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ നടത്തിയ നയപ്രഖ്യാപനം പാസാക്കിയത്. എ സി മൊയ്തീനാണ് ബുധനാഴ്ച ചർച്ചയ്ക്ക് തുടക്കമിട്ടത്. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ ചേർത്ത് നിർത്തിയതിന് ലഭിച്ച അംഗീകാരമാണ് തുടർഭരണമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കൂട്ടുപിടിച്ച ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ നിയമസഭാ തെരഞ്ഞെടുപ്പിലും കൂട്ടുപിടിച്ചിട്ടും അവർക്ക് കനത്ത പരാജയം ഏൽക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ ഗുജറാത്താക്കാൻ ബിജെപിക്ക് യുഡിഎഫ് ഒത്താശ ചെയ്തുകൊടുത്തതായി എം രാജഗോപാലൻ പറഞ്ഞു. അക്രമ രാഷ്ട്രീയത്തെക്കുറിച്ച് വിലപിക്കുന്ന കോൺഗ്രസ് ചീമേനി കൂട്ടക്കൊലയും കുഞ്ഞാലിയെ വെടിവച്ചുകൊന്നതുമൊന്നും മറക്കരുതെന്ന് ടി ഐ മധുസൂദനൻ പറഞ്ഞു. പ്രതിസന്ധികളിൽ പകച്ചുപോകാതെ ഒരു ക്യാപ്റ്റനെ പോലെ ജനങ്ങളെ സംരക്ഷിച്ച നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കാനത്തിൽ ജമീല പറഞ്ഞു. ബിജെപിയെയും ജമാഅത്തെ ഇസ്ലാമിയെയും കൂട്ടുപിടിച്ച് യുഡിഎഫാണ് തെരഞ്ഞെടുപ്പിൽ വർഗീയ കാർഡിറക്കിയതെന്ന് പി ബാലചന്ദ്രൻ പറഞ്ഞു. ആത്മധൈര്യത്തിന്റെ മറുപേരാണ് പിണറായി വിജയനെന്ന് പ്രമോദ് നാരായണനും എല്ലാവർക്കും ക്ഷേമം എത്തിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാരിനായതായും തോമസ് കെ തോമസും പറഞ്ഞു. വർഗീയതയെ കൂട്ടുപിടിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് പി മമ്മിക്കുട്ടി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും സംസാരിച്ചു. തുടർന്ന് മുഖ്യമന്ത്രി വിശദമായി മറുപടി പറഞ്ഞു. നന്ദി പ്രമേയത്തെ അനുകൂലിച്ച് 91 പേരും എതിർത്ത് 37 പേരും വോട്ട് ചെയ്തു.