തിരുവനന്തപുരം
തൊഴിലില്ലായ്മ പരിഹരിക്കലാണ് പുതിയ സർക്കാരിന്റെ പ്രഥമ കടമയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഐടി, ടൂറിസം മേഖലകളെ ശക്തിപ്പെടുത്തി 20 ലക്ഷം പേർക്ക് തൊഴിൽ നൽകും. സാമൂഹ്യസുരക്ഷാ പെൻഷൻ 2500 രൂപയാക്കും. വികസനവും ക്ഷേമവും മുൻനിർത്തിയുള്ള നയംതന്നെയാണ് പുതിയ സർക്കാരിന്റേതും. ഒപ്പം കൂടുതൽ ജനക്ഷേമ വികസന പദ്ധതികൾ നടപ്പാക്കും. ആഗോളവൽക്കരണ നയങ്ങൾക്കെതിരായ ബദൽ സമീപനം ഉയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദിയർപ്പിച്ചുള്ള പ്രമേയ ചർച്ചയ്ക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗം, മത്സ്യത്തൊഴിലാളികൾ, വയോജനങ്ങൾ എന്നിവർക്ക് സവിശേഷ പ്രാധാന്യം നൽകും. കടൽ കടലിന്റെ മക്കളുടേതെന്ന് ഉറപ്പുവരുത്തും. കേരളത്തിന്റെ സവിശേഷമായ പ്രശ്നങ്ങളെ മറികടക്കാനുള്ള പ്രവർത്തനങ്ങളും പശ്ചാത്തലസൗകര്യ വികസനവും സർക്കാർ നയമാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ ശരിയായി കണ്ടുള്ള നടപടികളാണ് സ്വീകരിക്കുക. സാമൂഹ്യക്ഷേമ പദ്ധതികൾ ശക്തിപ്പെടുത്തിയും മതനിരപേക്ഷത സംരക്ഷിച്ചും മുന്നോട്ടുപോകും. ദുരന്തങ്ങൾക്ക് മുമ്പിൽ തലയിൽ കൈവച്ച് കരഞ്ഞിരുന്നിട്ടില്ല. ജനങ്ങളെ അണിനിരത്തി അവയെ മറികടന്നു. നിലനിൽക്കുന്ന ചില ദൗർബല്യമുണ്ട്. അവ പരിഹരിച്ച് നവകേരളത്തെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
15,000 സ്റ്റാർട്ടപ് , പരമദരിദ്ര കുടുംബങ്ങൾക്ക് 15 ലക്ഷം രൂപവരെ സഹായം , മിനിമം കൂലി 700 രൂപ
● അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകാൻ15,000 സ്റ്റാർട്ടപ്
● 20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകും. 40 ലക്ഷം തൊഴിൽ അവസരം സൃഷ്ടിക്കും.
● വീടിനടുത്ത് തൊഴിലെടുക്കാൻ ഉദ്യോഗാർഥികൾക്ക് അന്തർദേശീയ തൊഴിൽ കമ്പനികളുമായി സംവദിക്കാൻ പദ്ധതി
● തൊഴിൽ ലഭിക്കുന്നവരുടെ സാമൂഹ്യസുരക്ഷാ ബാധ്യത ഏറ്റെടുക്കും
● കാർഷികമേഖലയിൽ അഞ്ചു ലക്ഷവും കാർഷികേതര മേഖലയിൽ 10 ലക്ഷവും തൊഴിൽ സൃഷ്ടിക്കും.
● ഉന്നതവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തും.
● 30 വിദ്യാഭ്യാസ സ്ഥാപനത്തെ മികവിന്റെ കേന്ദ്രമാക്കും
● – പൊലീസിനെ കൂടുതൽ ജനസൗഹൃദമാക്കും
● പരമദരിദ്രരുടെ പട്ടിക തയ്യാറാക്കി സൂക്ഷ്മപദ്ധതി , ഒരു ലക്ഷംമുതൽ 15 ലക്ഷം രൂപവരെ പരമദരിദ്ര കുടുംബങ്ങൾക്ക് സഹായം
● വീട്ടമ്മമാർക്ക് പെൻഷൻ നൽകും
●- മിനിമം കൂലി 700 രൂപയാക്കും
● ജപ്തി ചെയ്ത് വീടുകൾ ഒഴിപ്പിക്കുമ്പോൾ കിടപ്പാടം നഷ്ടപ്പെടുന്ന കുടുംബത്തിന് ഒഴിപ്പിക്കുന്നവർ മിനിമം താമസ സൗകര്യമൊരുക്കാൻ നിയമനിർമാണം
● പ്രവാസികൾക്ക് ഏകോപിത പ്രവാസിക തൊഴിൽ പദ്ധതി, പ്രവാസി കമ്പനികളും സഹകരണ സംഘങ്ങളും ആരംഭിക്കും
● കൃഷിക്കാരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കും.
● പശ്ചാത്തല വികസനത്തിൽ 60,000 കോടി രൂപയുടെ പദ്ധതി. 10,000 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് പദ്ധതി
● കിഫ്ബിയെ സംരക്ഷിക്കും
●- കൊച്ചി–-പാലക്കാട്, പാലക്കാട്–-മംഗളൂരു വ്യവസായ ഇടനാഴി, തിരുവനന്തപുരം ക്യാപിറ്റൽ സിറ്റി ഇടനാഴി, സിൽവർ ലൈൻ റെയിൽ പാത
● കൊച്ചിയെ ആഗോള നഗരമായി വികസിപ്പിക്കും
● കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കും
● അഞ്ചു വർഷംകൊണ്ട് വ്യവസായമേഖലയിൽ 10,000 കോടി രൂപയുടെ നിക്ഷേപം. ഫാർമസ്യൂട്ടിക്കൽ ഹബ്ബുകളിൽ ഒന്നായി കേരളത്തെ മാറ്റും
● മുഴുവൻ പട്ടികജാതി കുടുംബത്തിനും പാർപ്പിടം
● പാക്കേജുകൾ സമയബന്ധിതമായി നടപ്പാക്കും
● സമ്പൂർണശുചിത്വ സംസ്ഥാനമായി കേരളത്തെ മാറ്റും
● 30 ലക്ഷം കുടുംബത്തിന് കുടിവെള്ളം
● കൂടുതൽ ശിശുസൗഹൃദ പദ്ധതികൾ
● ആരും പട്ടിണി കിടക്കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും
● വയോജനങ്ങൾക്ക് പ്രത്യേക പദ്ധതി
● പാക്കേജുകൾ സമയബന്ധിതമായി നടപ്പാക്കും
● അഴിമതി പൂർണമായും നിർമാർജനം ചെയ്യും
● സർക്കാർ സർവീസിലെ ഒഴിവ് സമയബന്ധിതമായി നികത്തും
● ഇ–-വാഹന നയം നടപ്പാക്കും
● ശബരി റെയിൽ പാത നടപ്പാക്കാൻ ഇടപെടും
● മതനിരപേക്ഷത സംരക്ഷിക്കാൻ സാംസ്കാരിക ഇടപെടലുകൾ
● എല്ലാ പഞ്ചായത്തിലും നഗരങ്ങളിലും മൈതാനം