ന്യൂഡൽഹി
സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷ റദ്ദാക്കുന്നതിലേക്ക് നയിച്ചത് കേന്ദ്രസർക്കാരിന്റെ അലംഭാവം. മുൻകൂട്ടി ആസൂത്രണം ചെയ്തെങ്കില് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പരീക്ഷ നടത്താമായിരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പരീക്ഷ തുടങ്ങി. കോവിഡിന്റെ രണ്ടാം വരവ് പ്രതീക്ഷിച്ചിരുന്നതിനാല് ഇക്കുറിയും നേരത്തെ പരീക്ഷ നടത്താമായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ജാഗ്രത പുലർത്തിയില്ല.
കാർഷികനിയമങ്ങൾ അടക്കം ജനദ്രോഹപരിഷ്കാരങ്ങൾ നടപ്പാക്കാൻ കോവിഡ്കാലം ഉപയോഗിച്ച കേന്ദ്രം വിവിധ സംസ്ഥാനങ്ങളിൽ ഭരണ അട്ടിമറിക്കും ഇക്കാലയളവില് വ്യഗ്രത കാട്ടി. സിബിഎസ്ഇ പരീക്ഷകളുടെ തീയതി പ്രഖ്യാപിക്കുന്നത് ബോർഡാണെങ്കിലും കേന്ദ്രസർക്കാരിന്റെ നിലപാട് ഇക്കാര്യത്തിൽ പ്രധാനമാണ്. കുംഭമേള നടത്താൻ സൗകര്യങ്ങൾ ഒരുക്കിയ കേന്ദ്രം കുട്ടികളുടെ ഭാവിയെക്കുറിച്ച് ആലോചിച്ചില്ല. കേരളം ഉൾപ്പെടെ പല സംസ്ഥാനവും ബോർഡ് പരീക്ഷ സുരക്ഷാ മാനദണ്ഡം പാലിച്ച് നടത്തി.
ബദൽ മാർഗങ്ങളിലൂടെ പരീക്ഷ നടത്താനുള്ള സന്നാഹം ഒരുക്കാന് യഥാസമയം ചർച്ചചെയ്യാനോ തീരുമാനമെടുക്കാനോ കേന്ദ്രം തയ്യാറായില്ല. പരീക്ഷ നടത്തിപ്പ് സുപ്രീംകോടതിയിൽ എത്തിയപ്പോഴാണ് പരീക്ഷ റദ്ദാക്കാന് തിരക്കിട്ട് തീരുമാനിച്ചത്.