ജറുസലേം
മുതിർന്ന നേതാവ് ഇസാക് ഹെർസോഗ് ഇസ്രയേലിന്റെ 11–-ാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 120 അംഗ നെസെറ്റിൽ (പാർലമെന്റ്) 87 പേരുടെ പിന്തുണ നേടിയാണ് ‘ബൂഗി’ എന്നറിയപ്പെടുന്ന ഹെർസോഗിന്റെ വിജയം. എതിരാളിയായിരുന്ന മിറിയം പെരെറ്റ്സിന് 27 വോട്ട് മാത്രമാണ് ലഭിച്ചത്.
ലേബർ പാർടി നേതാവായിരുന്ന ഹെർസോഗിന്റെ പിതാവ് ചായിം 1983 മുതൽ 1992 വരെ പ്രസിഡന്റായിരുന്നു. അച്ഛനും മകനും ഇസ്രയേൽ പ്രസിഡന്റാവുന്നത് ആദ്യമായാണ്.
നിലവിലെ പ്രസിഡന്റ് റ്യൂവെൻ റിവ്ലിന്റെ പിൻഗാമിയായി ജൂലൈ ഏഴിനു ഹെൾസോഗ് അധികാരമേൽക്കും. 2015 പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു. 2003 മുതൽ 2018 വരെ പാർലമെന്റിൽ അംഗമായി. വിവിധ വകുപ്പുകളിൽ മന്ത്രിയായി.
ഇതേസമയം ബെന്യാമിൻ നെതന്യാഹുവിന്റെ ഭരണം അവസാനിപ്പിക്കാൻ പ്രതിപക്ഷ പാർടികൾ രൂപംനൽകിയ ഐക്യമുന്നണി സർക്കാരിന് അന്തിമരൂപം നൽകാനുള്ള ശ്രമം തുടരുന്നു. നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണം അവസാനിപ്പിക്കാൻ അറബിതര പ്രതിപക്ഷകക്ഷികൾ ഒന്നിച്ചുനീങ്ങുകയാണ്. യാമിന പാർടി നേതാവ് നഫ്താലി ബെന്നറ്റ് ആദ്യം പ്രധാനമന്ത്രിയാകും എന്നാണ് സൂചന.