ജനീവ
ഇന്ത്യയില് കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില് ആശങ്ക ഉയര്ത്തുന്നത് ബി1.617.2 (ഡെല്റ്റ) മാത്രമെന്ന് ലോകാരോഗ്യ സംഘടന. മറ്റ് വകഭേദങ്ങളുടെ വ്യാപന തീവ്രത കുറവാണെന്നും കാര്യമായ പ്രശ്നം ബാധിതരില് ഉണ്ടാക്കുന്നതായി കണ്ടെത്താനായിട്ടില്ലെന്നും പ്രതിവാര അവലോകനത്തില് ഡബ്ല്യുഎച്ച്ഒ പറയുന്നു.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാക്കിയത് ബി.1.617 വകഭേദമാണ്. ബി.1.617.1, ബി.1.617.2, ബി.1.617.3. എന്നിങ്ങനെ മൂന്നു തവണ ജനിതകമാറ്റം സംഭവിച്ച വകഭേദം ആണിത്. ഇതില് വാക്സിന്റെ പ്രതിരോധം മറികടക്കാന് കഴിയുന്നത്ര തീവ്രത ‘ഡെൽറ്റ’യ്ക്കുണ്ട്.
മറ്റ് 62 രാജ്യത്തില് ഈ വകഭേദം കണ്ടെത്തിക്കഴിഞ്ഞു. കൂടുതല് കേസ് റിപ്പോര്ട്ട് ചെയ്ത രാജ്യങ്ങള്, വൈറസിന്റെ വര്ധിച്ച വ്യാപനശേഷി എന്നിവ നിരീക്ഷിച്ചുവരികയാണ്. അടിയന്തരമായി കൂടുതല് പഠനം നടത്തേണ്ടതുണ്ടെന്നും ഡബ്ല്യുഎച്ച്ഒ റിപ്പോര്ട്ടില് വ്യക്തമാക്കി.