ഇസ്ലാമാബാദ്
ചൈനയുടെ സഹായത്തോടെ ആഭ്യന്തര വാക്സിൻ ഉൽപ്പാദിപ്പിച്ച് പാകിസ്ഥാൻ. ‘പാക്വാസ്’ എന്ന പേരിലാണ് പാകിസ്ഥാൻ വാക്സിൻ വികസിപ്പിച്ചത്. പ്രയാസകരമായ വെല്ലുവിളികളെ സുഹൃത്തുക്കളുടെ സഹായത്തോടെ അവസരങ്ങളാക്കി മാറ്റാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്ന് ആരോഗ്യവിഭാഗം പ്രത്യേക അസിസ്റ്റന്റ് ഡോ. ഫൈസൽ സുൽത്താൻ പറഞ്ഞു. അസംസ്കൃത വസ്തുക്കൾ ചൈന നൽകിയെങ്കിലും അത് വികസിപ്പിക്കുന്നത് എളുപ്പമല്ല. വരും ദിവസങ്ങളിൽ വലിയതോതിൽ നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ചൈനയുടെ രണ്ടാമത്തെ വാക്സിനും ലോകാ രോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. ‘സിനോവാക്’ വാക്സിനാണ് അനുമതി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഈ വാക്സിൻ പാലിക്കുന്നുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ബീജിങ് കേന്ദ്രമായുള്ള സിനോവാക്കാണ് ഉൽപ്പാദകർ.