തിരുവനന്തപുരം
തദ്ദേശ –- നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ വരെ ഇറക്കി കേരളം പിടിക്കാനിറങ്ങിയ ബിജെപി വന്നു വീണത് കുഴൽപ്പണത്തിന്റെ ഊരാക്കുടുക്കിൽ. കടുത്ത ഗ്രൂപ്പുവഴക്കിൽ പൊട്ടിത്തെറിയുടെ വക്കിലുള്ള പാർടിയിൽ, കുഴൽപ്പണ ഇടപാടും വന്നുപെട്ടതോടെ തലയുയർത്തി നടക്കാൻ പറ്റാത്ത അവസ്ഥയിലായി കേന്ദ്ര ഭരണകക്ഷി.
അപമാനക്കുഴലിൽ
മുരളീധരനും സുരേന്ദ്രനും
കേന്ദ്രമന്ത്രി വി മുരളീധരനും കെ സുരേന്ദ്രനും അടങ്ങുന്ന നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് പൊളിഞ്ഞടങ്ങിയത്. പണമിറക്കിയും അപവാദം പ്രചരിപ്പിച്ചും നേട്ടമുണ്ടാക്കാമെന്ന് ഇവർ കരുതിയപ്പോൾ അണികളോ മുതിർന്ന നേതാക്കളോ കൂട്ടുനിന്നില്ല. കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്കെടുക്കുമെന്നുവരെ സുരേന്ദ്രൻ പരസ്യമായി പറഞ്ഞത് കുമിഞ്ഞ് കൂടിയ കള്ളപ്പണത്തിന്റെ ബലത്തിലായിരുന്നു. കൊടകര കുഴൽപ്പണക്കടത്തുകേസിൽ സംസ്ഥാന ഉന്നത നേതാക്കളുടെ പങ്കും നാൾക്കുനാൾ പുറത്തുവരികയാണ്. പിടിയിലായവർ തമ്മിൽ നടത്തിയ കുഴൽപ്പണക്കടത്താണ് നടന്നതെന്നും പാർടിക്ക് അതിൽ ബന്ധമില്ലെന്ന് വരുത്താനുമായിരുന്നു കെ സുരേന്ദ്രനും കൂട്ടരും നടത്തിയ ശ്രമം. കേന്ദ്രമന്ത്രിയുടെ കൂടി ഒത്താശയോടെ നടന്ന ഈ നീക്കം പൊളിച്ചത് ഡിജിറ്റൽ തെളിവുകളും പ്രതികളുടെ പരസ്പര ബന്ധമില്ലാത്ത മൊഴികളുമാണ്. ബിജെപിയുടെ തന്നെ വിവിധ ഗ്രൂപ്പുകൾ കുഴൽപ്പണ കേസിന്റെ പേരിൽ ഏറ്റുമുട്ടുകയും ഒരാളെ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും കൂടി ചെയ്തതോടെ സംഭവങ്ങൾ കൈയിൽനിന്ന് പോയി.
സംസ്ഥാന ബിജെപിയിലെ പണമിടപാടുകൾ മുഴുവൻ നടത്തിയത് സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും ജനറൽ സെക്രട്ടറി എം ഗണേഷും അറിഞ്ഞാണെന്നതിനും പൊലീസിന് തെളിവുകൾ ലഭിച്ചു. സി കെ ജാനുവിന് പണം കൈമാറിയ ശബ്ദരേഖ കൂടി പുറത്തുവന്നതോടെ ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റാത്ത സ്ഥിതിയിലുമെത്തി. ‘തല പുറത്ത് കാണിക്കാൻ പറ്റാത്ത അവസ്ഥയിലായി’ എന്നാണ് മുതിർന്ന ഒരു ബിജെപി നേതാവ് പാർടിയുടെ അവസ്ഥയെ വിശേഷിപ്പിച്ചത്. പാർടി ഇത്ര ഗുരുതരമായ പ്രതിസന്ധിയിലെത്തിയിട്ടും സംസ്ഥാന പ്രസിഡന്റിനെയോ കേന്ദ്ര മന്ത്രിയെയോ ന്യായീകരിക്കാനോ സഹായിക്കാനോ മറ്റ് നേതാക്കളാരും രംഗത്ത് എത്തിയില്ലെന്നതും ശ്രദ്ധേയം.
സുരേന്ദ്രൻ: ഹലോ…
പ്രസീത: സാർ നമ്മള് പിന്നെ… ഞാൻ ഇന്നലെ ഒരു കാര്യം പറഞ്ഞായിരുന്നില്ലേ സാറിനോട്.
സുരേന്ദ്രൻ: ആ…
പ്രസീത: ഇപ്പോ ചേച്ചി ഇന്നലെ 10 കോടീന്നൊക്കെ പറഞ്ഞത്… അത് നമ്മക്കും ഉൾക്കൊള്ളാൻ പറ്റാത്തതാണ് സാറിനും ഉൾക്കൊള്ളാൻ പറ്റാത്തതാണെന്നും നമ്മക്ക് അറിയാം.
സുരേന്ദ്രൻ: ഇപ്പോ അവരെന്താ പറയുന്നത്.
പ്രസീത: ഒരു 10 ലക്ഷം രൂപ എനിക്ക് വേണം എന്നാണ് അവര് പറയുന്നത്. ഇതിൽ നമുക്കൊരു റോളുമില്ല. അതവർക്ക് കൊടുക്കുകയാണെങ്കിൽ ഏഴാം തീയതീത്തെ അമിത് ഷായുടെ പരിപാടി തുടങ്ങി അവര് സജീവമായിട്ട് രംഗത്തുണ്ടാകും. പിന്നെ ബത്തേരി സീറ്റ്. …അപ്പോ ഈ ക്യാഷിന്റെ കാര്യം സാറിന് എങ്ങനെയാണ് ഡീല് ചെയ്യാൻ പറ്റുന്നതെന്നുവച്ചാൽ ചെയ്തോ. അവർക്ക് ഡയറക്ട് കൊടുക്കാൻ പറ്റുമെങ്കിൽ അത്രയും നല്ലത്. പിന്നെ നമ്മുടെ ഒരു കാര്യംകൂടി തുറന്നുപറയാം. ഇപ്പോ കുറേ ദിവസമായി ഇതിന്റെ വയ്യെ ഇങ്ങനെ ഓടിനടക്കുവാ. അഞ്ച് പൈസ കൈയിലില്ല.
സുരേന്ദ്രൻ: ശരി ശരി ഓകെ അത് പറഞ്ഞോ, അത് പറഞ്ഞോ സമയം കളയാനില്ല, പറഞ്ഞോ
പ്രസീത:അപ്പോൾ നമ്മൾക്കെന്തെങ്കിലും കൊറച്ച് പൈസകൂടി ഞങ്ങൾക്ക് തരണം. കാരണം പാർടിയുടെ വഴിക്കാണേ, അല്ലാതെ പേഴ്സണലി അല്ലാ പറയുന്നേ.
സുരേന്ദ്രൻ: മനസ്സിലായി.
പ്രസീത:എവിടെയാ വരേണ്ടതെന്ന് സാർ പറഞ്ഞോ.
സുരേന്ദ്രൻ: അല്ല ഏഴാംതീയതി വരുമ്പോൾ നേരിട്ട് കൈയിൽ കൊടുക്കണമെങ്കിൽ അങ്ങനെ കൊടുക്കാം.
പ്രസീത: അതിനുമുമ്പ് കൊടുക്കുകയാണെങ്കിൽ അതാണ് നല്ലതെന്നാണ് അവര് പറയുന്നത്.
സുരേന്ദ്രൻ: ആറാം തീയതി വന്നോട്ടേന്ന്. ആറാം തീയതി ഞാൻ നേരിട്ട് കൈയിൽ കൊടുക്കാം. നിങ്ങളും വന്നോ. ഈ പൈസ ഡീലിങ്ങേ, ഇലക്ഷൻ ടൈമില് അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുനടക്കലൊന്നും നടക്കില്ല.
പ്രസീത: സർ ഒരു കാര്യംകൂടി പറയാം. ആറാം തീയതി അങ്ങനെയാണെങ്കിൽ ഞങ്ങൾ പത്രസമ്മേളനം വിളിക്കാമെന്നാ വിചാരിക്കുന്നത്.
സുരേന്ദ്രൻ: ആറാം തീയതി രാവിലെ വന്നോ ഞാൻ പൈസ തരാം.
പ്രസീത: അങ്ങനെയാണെങ്കിൽ ഏഴാം തിയതി ഞങ്ങൾക്ക് അങ്ങോട്ട് കേറാലോ എറണാകുളത്തുവച്ചുതന്നെ പത്രസമ്മേളനം വിളിക്കാം.
സുരേന്ദ്രൻ: അല്ല ആറാം തീയതി തിരുവനന്തപുരത്ത് വന്നിട്ട് ഒരു ദിവസം സ്റ്റേ ചെയ്താൽ മതി. ഞങ്ങളൊക്കെ ആറാം തീയതി തിരുവനന്തപുരത്തുണ്ടാകും.
പ്രസീത: എന്നാൽ അവിടുന്നുതന്നെ നമുക്ക് പ്രസ് ക്ലബ് മീറ്റിങ് വിളിക്കാലോ അല്ലേ?
സുരേന്ദ്രൻ: ഓ റൈറ്റ് റൈറ്റ് രാവിലെ എത്തിക്കോളൂ ആറാം തീയതി. ഞാൻ ഏർപ്പാടാക്കാം.