തിരുവനന്തപുരം
വലിയതോതിൽ ബിജെപി വോട്ട് മറിഞ്ഞില്ലായിരുന്നെങ്കിൽ പ്രതിപക്ഷത്തെ പലരും ഇപ്പോൾ ആ കസേരയിൽ ഉണ്ടാകില്ലായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുമായി വോട്ട് കച്ചവടം നടത്തി വിജയം ഉറപ്പിച്ച യുഡിഎഫ് സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കംവരെ നടത്തി. 90 മണ്ഡലത്തിലാണ് ബിജെപി– -യുഡിഎഫ് ധാരണയായത്. പത്തിടത്തെ വിജയം ഇതിന്റെ ഭാഗമാണ്. നിയമസഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രിപറഞ്ഞു.
മൃദുഹിന്ദുത്വം ആർക്കാണെന്ന് സഭയിൽ തലയെണ്ണിനോക്കിയാൽ അറിയാമെന്ന പ്രതിപക്ഷത്തെ ഒരംഗത്തിന്റെ വാക്ക് ദുഃസൂചനയാണ്. ശരിക്കും ഇതാണ് വർഗീയപ്രചാരണം. തെരഞ്ഞെടുക്കപ്പെട്ട് നിയമസഭയിലെത്തിയ ജനപ്രതിനിധികളെ ജാതിയും മതവും വേർതിരിച്ച് കാണുന്നത് എന്ത് മതേതരത്വമാണ്. ഇതാണോ നെഹ്റുവും ഗാന്ധിജിയും പഠിപ്പിച്ചത്. ബിജെപിയുടെ വോട്ടിൽ ജയിച്ച് വരാമെന്നാണ് മഹാവിപ്ലവ ചിന്താഗതിക്കാരായ യുഡിഎഫുകാർവരെ ചിന്തിച്ചത്. രാജ്യത്ത് ബിജെപിയെ നേരിടുമെന്ന് പ്രഖ്യാപിക്കുന്ന കോൺഗ്രസ് കേരളത്തിൽ ബിജെപിക്കെതിരെ അര അക്ഷരം ഉരിയാടാറില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ യുഡിഎഫ് ഓശാന പാടി. എല്ലാ സീമയും ലംഘിച്ച് വ്യക്തിഹത്യവരെ നടത്തി.
കോൺഗ്രസ് അല്ലെങ്കിൽ, കൂട്ടത്തോടെ ബിജെപി ജയിക്കുമെന്ന് പ്രചാരണം നടത്തി ന്യൂനപക്ഷങ്ങളുടെ വോട്ടിനായി ശ്രമം നടത്തി. എന്നാൽ, പുതുച്ചേരിയിലടക്കം കോൺഗ്രസ് ചെയ്തത് കണ്ട മതന്യൂനപക്ഷം ആ വാദം തള്ളി. പുറമെയുള്ളതിനേക്കാൾ വലിയ വോട്ടുകച്ചവടമാണ് യുഡിഎഫ് ബിജെപിയുമായി നടത്തിയത്. ബിജെപിക്ക് 4.26 ലക്ഷം വോട്ടാണ് കുറഞ്ഞത്. ഈ വോട്ടുമറിക്കലിനെ അതിജീവിച്ചാണ് ഇടതുമുന്നണി വിജയിച്ചത്. കൂടുതൽ കരുത്തോടെ ജനഹിതം സംരക്ഷിച്ച് സർക്കാർ മുന്നോട്ടു പോകും. കൂടുതൽ ജനവിഭാഗം ഞങ്ങളോടൊപ്പം അണിചേരും. ആ മുന്നേറ്റത്തിൽ പ്രതിപക്ഷത്തിന്റെ തെറ്റായ രാഷ്ട്രീയ നിലപാട് കടപുഴകി വീഴും. മതേതര നിലപാടിലേക്ക് കോൺഗ്രസ് തിരികെ വരണം. മതനിരപേക്ഷത സംരക്ഷിക്കാൻ രാജ്യത്തിന് വഴികാട്ടുന്നതാണ് ഇടത് വിജയം. ദേശീയതലത്തിൽ ആ രാഷ്ട്രീയത്തെ കൂടുതൽ എത്തിക്കും. രാജ്യത്തെ രക്ഷിക്കാനുള്ള സമരസന്ദേശമാണ് ഈ ഫലമെന്നും മുഖ്യമന്ത്രി പറഞ്ഞു.