ന്യൂഡൽഹി
യുവജനങ്ങള്ക്ക് സൗജന്യ വാക്സിൻ നൽകേണ്ടെന്ന കേന്ദ്രനിലപാട് അവിവേകമെന്ന് തുറന്ന് വിമര്ശിച്ച് സുപ്രീംകോടതി. മഹാമാരിയുടെ സ്വഭാവം കണക്കിലെടുത്താൽ 18–-44 വിഭാഗത്തിലുള്ളവർക്ക് അടിയന്തരമായി വാക്സിൻ നൽകേണ്ടതുണ്ട്. എന്നാല്, ഇവര്ക്ക് സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും പണം വാങ്ങി വാക്സിൻ നൽകട്ടേ എന്നാണ് കേന്ദ്ര നിലപാട്. ഈ വിഭാഗത്തിന് പണം നൽകാന് ശേഷിയുണ്ടെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് നയം മാറ്റിയതെന്ന് കേന്ദ്രം.
എന്നാൽ, മെയ് ഒമ്പതിലെ സത്യവാങ്മൂലത്തിൽ 18–-44 വിഭാഗത്തിന് സംസ്ഥാനങ്ങൾ സൗജന്യമായി വാക്സിൻ നൽകുമെന്നാണ് കേന്ദ്രം അവകാശപ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. വാക്സിന് നയത്തില് നിരവധി കാതലായ സംശയങ്ങൾ ഉന്നയിച്ച് കോടതി കൃത്യമായ വിശദീകരണം നൽകണമെന്ന് കേന്ദ്രത്തോട് നിർദേശിച്ചു.
കേന്ദ്രം സമർപ്പിക്കേണ്ട വിവരം
● വാക്സിനേഷന് അർഹരായവരുടെയും കുത്തിവയ്പ് എടുത്തവരുടെയും കണക്ക്.
ഗ്രാമ, നഗര മേഖലകളിലെ വിവരം പ്രത്യേകം.
● കേന്ദ്രം സംഭരിച്ച കോവാക്സിൻ, കോവിഷീൽഡ്, സ്പുട്നിക് വാക്സിനുകളുടെ കണക്ക്.
● അവശേഷിക്കുന്ന വിഭാഗങ്ങള്ക്ക് എങ്ങനെ വാക്സിൻ നൽകുമെന്നതിന്റെ മാർഗരേഖ
● ഡിസംബർ 31 വരെ എത്ര വാക്സിൻകൂടി ലഭിക്കും
● ബ്ലാക്ക് ഫംഗസ് തടയാനുള്ള മരുന്നുകളുടെ ലഭ്യത
കോടതി ഉന്നയിച്ച ചോദ്യങ്ങൾ
● സംസ്ഥാനങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും വിദേശ വാക്സിൻ നേരിട്ട് വാങ്ങാൻ പറ്റുമോ?
● സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ വിതരണത്തിന് കേന്ദ്രം എങ്ങനെ മേൽനോട്ടം വഹിക്കും?
● ഗ്രാമീണമേഖലയിലുള്ളവര്ക്ക് വാക്സിൻ രജിസ്ട്രേഷന് എങ്ങനെ കൂടുതൽ
സൗകര്യമുണ്ടാക്കും?
● കമ്പനികൾ ഇന്ത്യക്ക് വാക്സിൻ നൽകുന്ന വിലയിലും മറ്റ് രാജ്യങ്ങൾക്ക് നൽകുന്ന
വിലയിലും വ്യത്യാസമുണ്ടോ?
● കമ്പനികൾക്ക് സർക്കാർ സാമ്പത്തികസഹായം നൽകിയെങ്കില് വാക്സിന്റെ വിലയിൽ സമാന ഇളവ് പ്രതിഫലിക്കേണ്ടതല്ലേ?
● കോവിഡ് മൂന്നാംതരംഗം കുട്ടികളെയാണ് ബാധിക്കുന്നതെങ്കില് സ്വീകരിച്ച കരുതൽ നടപടികൾ?
വാക്സിന് നയത്തിന് ആധാരമായ
രേഖ എന്ത്
വാക്സിൻ നയരൂപീകരണത്തിലേക്ക് നയിച്ച എല്ലാ പ്രധാനപ്പെട്ട രേഖകളും ഫയൽ വിവരങ്ങളും കേന്ദ്ര സർക്കാർ സമർപ്പിക്കണമെന്നും സുപ്രീംകോടതി നിര്ദേശിച്ചു. 18 മുതൽ 44 വയസ്സ് വരെയുള്ള വിഭാഗത്തിൽ 50 ശതമാനത്തിന് പണം നൽകി വാക്സിൻ എടുക്കാനുള്ള ശേഷിയുണ്ടെന്ന നിഗമനത്തിൽ കേന്ദ്രത്തിന് എത്തിച്ചേരാൻ കാരണമായ പഠനം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരംകൂടി കൈമാറണമെന്നും നിർദേശിച്ചു. വാക്സിൻ ലഭിക്കണമെങ്കിൽ കോവിൻ ആപ്പിലൂടെയുള്ള രജിസ്ട്രേഷൻ നിർബന്ധമാക്കിയ നടപടി രാജ്യത്തിന്റെ ഡിജിറ്റൽ സാഹചര്യം കണക്കിലെടുത്താൽ പ്രായോഗികമാണോ എന്ന സംശയവും ഉന്നയിച്ചു. കേന്ദ്ര സർക്കാരിന്റെ വാക്സിനേഷൻ നയത്തെക്കുറിച്ച് സംസ്ഥാനങ്ങളും പൊതുസമൂഹവും ഉന്നയിച്ച ആശങ്കകൾ മുഴുവൻ അക്കമിട്ട് നിരത്തിയശേഷം അതുകൂടി പരിഗണിച്ച് നയം പുനഃപരിശോധിക്കണമെന്ന കർശന നിർദേശമാണ് വിശദമായ വിധിന്യായത്തിൽ ഉള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആവശ്യമായ വിവരങ്ങളും രേഖകളും ഉൾപ്പെടുത്തി രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണം. രണ്ടാഴ്ചയ്ക്കുശേഷം സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.