ബെംഗളൂരു: ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങിയ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിൽ എത്തിച്ചു. ബെംഗളൂരുവിൽനിന്ന് എയർ ഏഷ്യയുടെ വിമാനത്തിലാണ് പൂജാരിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. സുരക്ഷാ ഭീഷണിയുള്ളതിനാൽ അദ്ദേഹത്തെ എ.ടി.എസിന്റെ കസ്റ്റഡിയിൽ സൂക്ഷിക്കും. തുടർന്ന് നാളെ വിശദമായി ചോദ്യം ചെയ്യും. എന്നാൽ തെളിവെടുപ്പ് ഉൾപ്പെടെയുള്ളവ ഉണ്ടാകില്ലെന്നാണ് വിവരം.
ബുധനാഴ്ച വൈകിട്ടോടെയാണ് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി ക്രൈംബ്രാഞ്ച് സംഘം പൂജാരിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പൂജാരിയെ വൻ സുരക്ഷാ സന്നാഹത്തോടെ ബെംഗളൂരു വിമാനത്താവളത്തിലെത്തിച്ചു. ഇവിടെ നിന്നാണ് രാത്രിയോടെ വിമാനമാർഗം കൊച്ചിയിലെത്തിച്ചത്.കേസിൽ ഇയാളുടെ പങ്കാളിത്തം സംബന്ധിച്ച് വിവരം ശേഖരിക്കുന്നതിനായാണ് രവി പൂജാരിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാണ് രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി. ജൂൺ എട്ട് വരെയാണ് കോടതി അനുവദിച്ചിരിക്കുന്ന കസ്റ്റഡി കാലാവധി. തുടർന്ന് രവി പൂജാരിയെ തിരികെ ബെംഗളൂരുവിലെത്തിച്ച് കോടതിയിൽ ഹാജരാക്കണം.
2018 ഡിസംബർ 15-നായിരുന്നു കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിവെപ്പ് നടന്നത്. നടി ലീന മരിയ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാർലറിലേക്ക് ബൈക്കിലെത്തിയ രണ്ടു യുവാക്കൾ വെടിയുതിർക്കുകയായിരുന്നു. രവി പൂജാരിയുടെ സംഘമാണ് വെടിയുതിർത്തതെന്ന് ലീന മൊഴിയും നൽകി. ഇതിന് ഒരു മാസം മുമ്പ് രവി പൂജാരിയുടെ പേരിൽ ഒരാൾ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും തന്നില്ലെങ്കിൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു മൊഴി. പിന്നീട് രവി പൂജാരി കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.
Content Highlights: Ravi pujari in crime branch custody