ന്യൂഡല്‍ഹി> 2020ല്‍ റെയില്‍വേ ട്രാക്കില്‍ ജീവന് നഷ്ടമായത് എണ്ണായിരത്തിലേറെ പേര്‍ക്ക്.
8,733 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ജീവന് നഷ്ടമായപ്പോള്‍ 805 പേര്‍ക്ക് പരിക്കേറ്റു. 2020 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ റെയില്‍വേ ട്രാക്കുകളില്‍ മരിച്ചവരുടെ കണക്കാണ് പുറത്ത് വിട്ടത്.
അഭയാര്‍ഥി തൊഴിലാളികളാണ് ജീവന് പൊലിഞ്ഞവരില്‍ അധികവും. കോവിഡ് ലോക്ക്ഡൗണ്‍ മൂലം ട്രയിന്‍ സര്‍വീസ് ഭീമമായി വെട്ടിക്കുറച്ചെങ്കിലും റെയില്‍വേ ബോര്‍ഡ് പുറത്ത് വിട്ട കണക്കില്‍ മരണസംഖ്യ എണ്ണായിരം കവിയുകയായിരുന്നു.
മരിച്ചവരില്‍ അധികവും നാട്ടിലേക്ക് തിരികെ പോവുകയായിരുന്ന അഭയാര്‍ഥി തൊഴിലാളികളാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോഡ് മാര്‍ഗം നടന്ന് പോകുന്നതിനേക്കാള്‍ റെയില്‍വേ ട്രാക്കുകള്‍ ദൂരം കുറവാണെന്ന് ധാരണയിലാണ് അധികം പേരും റെയില്‍ പാത തെരഞ്ഞെടുത്തത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം നടന്ന് പോകുന്നതിനിടെ പൊലീസ് നടപടികളില്‍ നിന്ന് രക്ഷപ്പെടുന്നതിനും റെയില്‍വേ ട്രാക്കുകള്‍ തെരഞ്ഞെടുക്കുന്നതിന് കാരണമായി.
മധ്യപ്രദേശില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്ത്തകന് ചന്ദ്രശേഖര്‍ ഗൗര്‍ സമര്‍പ്പിച്ച ആര്.ടി.ഐക്ക് മറുപടിയായാണ് കണക്ക് പുറത്ത് വിട്ടത്.