തിരുവനന്തപുരം: ജനങ്ങൾക്ക് മാതൃകയാകേണ്ട ജനപ്രതിനിധികളെ ജാഗ്രതയുടെ കാര്യം ഓർമിപ്പിച്ച് സ്പീക്കർ എം.ബി. രാജേഷ്. മാസ്ക് ധരിക്കാതെ സഭയിൽ സംസാരിച്ച എംഎൽഎമാരെ സ്പീക്കർ ഉപദേശിച്ചു. പൊതുജനത്തിന് മാതൃകയാകേണ്ടവർ പ്രോട്ടോക്കോൾ ലംഘിക്കരുതെന്ന് സ്പീക്കർ പറഞ്ഞു. നിരവധി എംഎൽഎമാരാണ് മാസ്ക് ശരിയായി ധരിക്കാതെ സഭാസമ്മേളത്തിൽ പങ്കെടുത്തത്.
പതിനഞ്ചാം കേരള നിയമസഭാ സമ്മേളനം പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണെന്നാണ് വെപ്പ്. പക്ഷേ, നിയമസഭയിൽ മാസ്ക് അഴിക്കുന്നതിൽ ഭരണ- പ്രതിപക്ഷ ഐക്യം പ്രകടമായിരുന്നു. നേരത്തെ, പ്രസംഗിക്കുന്നതിനിടയിൽ മാസ്ക് ശരിയായി ധരിക്കാൻ പി.കെ. ബഷീറിനോട് ഭരണപക്ഷത്തുനിന്ന് ഓർമിപ്പിച്ചപ്പോൾ, മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുമ്പോൾ തന്നെ മാസ്ക് താഴ്ത്തിയാ വയ്ക്കുന്നേ.. അപ്പോഴാ.. എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് സ്പീക്കർ മാസ്കിന്റെ പ്രധാന്യം ഓർമിപ്പിച്ചു. ശ്വസിക്കാൻ പ്രശ്നമുള്ളതിനാലാണ് മാസ്ക് മാറ്റിവെച്ചതെന്നും രണ്ട് പ്രാവശ്യം കോവിഡ് വന്നയാളാണെന്നും അദ്ദേഹം മറുപടി നൽകി. തുടർന്ന് മാസ്ക് ധരിച്ചാണ് അദ്ദേഹം പ്രസംഗം തുടർന്നത്. തൊട്ട് പിന്നാലെ ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിച്ച സി.എച്ച്. കുഞ്ഞമ്പുവിനും മാസ്കിന്റെ കാര്യത്തിൽ ശ്രദ്ധയുണ്ടായിരുന്നില്ല.
അവസാനം എല്ലാ അംഗങ്ങളേയു മാസ്കിന്റെ പ്രധാന്യം സ്പീക്കർ ഓർമിപ്പിച്ചു. അംഗങ്ങൾ പലരും സഭയിൽ മാസ്ക് താഴ്തിവെച്ച് ചർച്ചചെയ്തത് ഒരുപാട് പേർ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായെന്നും സഭാ നടപടിക്രമങ്ങൾ ആളുകൾ വീക്ഷിക്കുന്നുണ്ടെന്നും സ്പീക്കർ എം.ബി. രാജേഷ് സഭാംഗങ്ങളെ ഓർമിപ്പിച്ചു.
Content Highlights: Kerala niyamasabha, face mask, m b rajesh