തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ നോട്ടീസ് അയച്ച് എൻഎസ്എസ്. സാമ്പത്തിക സംവരണത്തിനായുള്ള മുന്നാക്ക സമുദായ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള കോടതി നിർദേശം സർക്കാർ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ഒരു മാസത്തിനുള്ളിൽ ലിസ്റ്റ് പ്രസിദ്ധീകരിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.
മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കുന്നതിൽ സർക്കാർ വരുത്തുന്ന കാലതാമസം ചോദ്യം ചെയ്തുകൊണ്ടും, കാലതാമസം കൂടാതെ പട്ടിക പ്രസിദ്ധീകരിക്കുവാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും
എൻ.എസ്.എസ്. ഹൈക്കോടതി മുമ്പാകെ ഫെബ്രുവരിയിൽ ഉപഹർജി സമർപ്പിച്ചിരുന്നു. അതിന്മേൽ വാദംകേട്ട ശേഷം മുന്നാക്കസമുദായ പട്ടിക ഒരുമാസത്തിനകം പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാനസർക്കാരിന് ഹൈക്കോടതി മാർച്ച് 24-ന് നിർദ്ദേശം നല്കിയിരുന്നുവെന്ന് എൻഎസ്എസ് പ്രസ്താവനയിൽ പറഞ്ഞു.
പട്ടിക പ്രസിദ്ധീകരിക്കുന്നതിന് തിരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടം തടസ്സമാണ് എന്ന സർക്കാർവാദം കോടതി തള്ളിക്കളഞ്ഞിരുന്നു. മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കേണ്ടത് സംസ്ഥാനത്തെ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരളസംസ്ഥാനകമ്മീഷൻനിയമം 2015 പ്രകാരമാണ്. നിയമം അനുശാസിക്കുന്ന കാര്യങ്ങൾ സർക്കാർ നിർവഹിക്കുമ്പോൾ തിരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടം അതിന് തടസ്സമാവില്ല.
മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നവരെ ലിസ്റ്റ് പ്രസിദ്ധീകരിക്കാതിരിക്കുന്നത് ബാധിക്കുമെന്ന്ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തു.
ഹൈക്കോടതി ഉത്തരവുപ്രകാരം മുന്നാക്കസമുദായപട്ടിക സർക്കാർ ഏപ്രിൽ 23-ന് പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. എന്നാൽ ഉത്തരവ് പുറപ്പെടുവിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും പട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ ചീഫ് സെക്രട്ടറിക്ക് എതിരായി അഭിഭാഷകൻ മുഖേന എൻ.എസ്.എസ്. കോടതിയലക്ഷ്യ നോട്ടീസ് നല്കിയിരിക്കുകയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന 10 ശതമാനം സംവരണം, മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കാത്തതുവഴി നിരർത്ഥകമാവുകയാണെന്നും, അതിനാൽ ഉടനടി പട്ടിക പ്രസിദ്ധീകരിക്കണമെന്നും, അതിൽ വീഴ്ച ഉണ്ടായാൽ ചീഫ് സെക്രട്ടറിക്ക് എതിരെ വ്യക്തിപരമായി കോടതിയലക്ഷ്യനടപടികൾ സ്വീകരിക്കുന്നതാണെന്നും കോടതിയലക്ഷ്യനോട്ടീസിൽ മുന്നറിയിപ്പ് നല്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.