തേനി> മൃതദേഹങ്ങളില് നിന്നും ബന്ധുക്കളെ തെരഞ്ഞുകണ്ടുപിടിക്കേണ്ട ഗതികേടില് തമിഴ്നാട് തേനി സര്ക്കാര് ആശുപത്രിയിലെത്തുന്നവര്. തനി കെ വിളക്ക് സര്ക്കാര് ആശുപത്രിയിലാണ് ദയനീയമായ കാഴ്ച.
ചികിത്സയില് മരിച്ചവരുടെ ബന്ധുക്കളെത്തുമ്പോള് മൃതദേഹം തെരഞ്ഞു കണ്ടുപിടിക്കാനാണ് ജീവനക്കാര് പറയുന്നത്. 47കാരനായ തേനി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
വീഡിയോ സോഷ്യല് മീഡിയയില് വൈറലായതോടെ സംഭവം വിവാദമാവുകയും ചെയ്തു. മരിച്ച കോവിഡ് രോഗിയുടെ ബന്ധുക്കളോട് മോര്ച്ചറിയില് പോയി മൃതദേഹമേതെന്ന് കണ്ടുപിടിക്കാനാണ് ആശുപത്രി ജീവനക്കാര് പറഞ്ഞത്. എന്നാല് മോര്ച്ചറി കണ്ടപ്പോള് തന്നെ ബന്ധുക്കള് ഞെട്ടി. നിരവധി മൃതദേഹങ്ങളായിരുന്നു അവിടെ കുന്നുകൂടി കിടന്നത്. ഒടുവില് തെരച്ചിലിന് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു.
ജീവനക്കാര് കോവിഡ് പ്രോട്ടോക്കോള് പാലിച്ചില്ലെന്ന് ആശുപത്രി ഡീന് ബാലാജി പറഞ്ഞു.മൂന്ന് ജീവനക്കാര് സംഭവത്തില് ഉത്തരവാദികളാണെന്നെന്നും അദ്ദേഹം പറഞ്ഞു. ഇതില് ഒരു കരാര് ജീവനക്കാരനെ പിരിച്ചുവിടാനും രണ്ട് പേര്ക്കെതിരെ കാരണം കാണിക്കല് നോട്ടീസയക്കാനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു