തിരുവനന്തപുരം
കെപിസിസി പ്രസിഡന്റ് നിയമനം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ വർക്കിങ് പ്രസിഡന്റുമാരായ കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും തമ്മിൽ ബലപരീക്ഷണം മുറുകി. എ, ഐ ഗ്രൂപ്പുകളെ ഏഴയലത്ത് പോലും അടുപ്പിക്കാതെയും ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്ക് ചെവികൊടുക്കാതെയുമാണ് ഹൈക്കമാൻഡ് നീക്കം. സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ച് സോണിയ ഗാന്ധിക്ക് കത്ത് നൽകിയ മുല്ലപ്പള്ളി രാമചന്ദ്രന്റെ കാര്യമാണ് ദയനീയം. ദിവസവും രാവിലെ കെപിസിസി ആസ്ഥാനത്ത് എത്തുന്ന അദ്ദേഹം ആരോടും ഒന്നും ഉരിയാടാതെ വൈകിട്ട് തിരികെ പോകും.
പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതിലൂടെ അപമാനിതരായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും കൂടുതൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കെപിസിസി പ്രസിഡന്റ് നിയമനത്തിൽ നിർദേശം വല്ലതുമുണ്ടോയെന്ന് ഇതുവരെ ആരാഞ്ഞിട്ടുമില്ല. എഐസിസി ജനറൽ സെക്രട്ടറിയാണ് ഉമ്മൻചാണ്ടി. രമേശ് ചെന്നിത്തലയാകട്ടെ പത്ത് വർഷം കെപിസിസി പ്രസിഡന്റ് സ്ഥാനം വഹിച്ച നേതാവും. ഹൈക്കമാൻഡ് ചോദിച്ചാൽ പറയും എന്നുമാത്രമാണ് ഉമ്മൻചാണ്ടിയുടെ നിലപാട്. ചെന്നിത്തലയ്ക്കാണെങ്കിൽ പദവി പോയ രോഷം അണഞ്ഞിട്ടുമില്ല.
കെ സുധാകരന്റെ പേരിനാണ് മുൻതൂക്കം എന്നാണ് സൂചന. കൊടിക്കുന്നിൽ സുരേഷിനോട് സോണിയ ഗാന്ധിക്ക് താൽപ്പര്യമുണ്ടെങ്കിലും തീരുമാനം അനുകൂലമാകുമോയെന്ന് വ്യക്തമല്ല.
.jpg)
കൊടിക്കുന്നിലിന് തെറിവിളി
കൊടിക്കുന്നിൽ സുരേഷിന്റെ നീക്കം പുറത്തുവന്നതോടെ കെ സുധാകരൻ അനുകൂലികൾ രൂക്ഷമായ സൈബർ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ടെലിഫോണിൽ വിളിച്ച് നിരന്തരം തെറി പറയുന്നതായി ഹൈക്കമാൻഡ് വൃത്തങ്ങളെ കൊടിക്കുന്നിൽ ധരിപ്പിച്ചതായാണ് വിവരം. പ്രസിഡന്റ് പദത്തിന് അവകാശവാദം മുഴക്കിയാൽ വച്ചുപൊറുപ്പിക്കില്ലെന്നാണ് സുധാകരൻ അനുകൂലികളുടെ ഭീഷണി. കൊടിക്കുന്നിലിന്റെ ഫെയ്സ്ബുക് പേജ് നിറയെ തെറിയും ഭീഷണിയുമാണ്. ഇതിനിടെ കെ മുരളീധരന്റെ പേരും ചില കേന്ദ്രങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ, ഹൈക്കമാൻഡിന് മുരളിയോട് പഥ്യമില്ല. കെ സുധാകരനെ യുഡിഎഫ് കൺവീനറാക്കി മുരളീധരനെ പ്രസിഡന്റ് ആക്കാമെന്ന നിർദേശമാണ് ഉയർന്നിട്ടുള്ളത്. കെ വി തോമസ്, ബെന്നി ബഹനാൻ എന്നിവരും ഡൽഹി കേന്ദ്രീകരിച്ച് നീക്കങ്ങളിലാണ്. പി സി വിഷ്ണുനാഥിന്റെ പേരും ചിലർ പ്രചരിപ്പിക്കുന്നുണ്ട്.















