തിരുവനന്തപുരം
എൽഡിഎഫ് തുടർഭരണത്തിന്റെ ആദ്യ നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് ബുധനാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയും. തിങ്കളാഴ്ച ആരംഭിച്ച ചർച്ച ചൊവ്വാഴ്ചയും തുടർന്നു. പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്ര സർക്കാർ കേരളത്തെ ഞെക്കി ഞെരുക്കിയപ്പോൾ അതിൽനിന്ന് ജനങ്ങളെ സംരക്ഷിച്ച് നിർത്തിയത് എൽഡിഎഫ് സർക്കാരാണെന്ന് പി നന്ദകുമാർ പറഞ്ഞു.
ജനക്ഷേമവും വികസനവും മുൻനിർത്തിയുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ് തുടർഭരണമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചാണ് എൽഡിഎഫ് തുടർഭരണത്തിന് എത്തിയതെന്ന് ഐ ബി സതീഷ് പറഞ്ഞു. ഭരണപക്ഷത്തിന്റെ ജനക്ഷേമ നടപടികളെ എതിർക്കാതെ പ്രതിപക്ഷം ക്രിയാത്മകമായി ഉയരണമെന്ന് കെ പി മോഹനൻ പറഞ്ഞു.
ആക്ഷേപിക്കാനും തകർക്കാനും ശ്രമിച്ചവർക്കിടയിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയതെന്ന് കെ വി സുമേഷ് പറഞ്ഞു. കേരളം ഒരു കാലത്തും നന്നാകരുതെന്ന മനോഭാവമാണ് പ്രതിപക്ഷത്തിനെന്ന് കെ പി കുഞ്ഞഹമ്മദ് കുട്ടി പറഞ്ഞു. എന്നാൽ, ജനങ്ങൾ മറിച്ചാണ് ചിന്തിക്കുന്നത്. അതിനാലാണ് എൽഡിഎഫിന് തുടർഭരണം ലഭിച്ചത്.
കേരളത്തിലെ ജനങ്ങൾ മുഖ്യമന്ത്രിക്ക് തുടർഭരണത്തിനുള്ള സർട്ടിഫിക്കറ്റ് നൽകിയതായി എൻ കെ അക്ബർ പറഞ്ഞു. സൃഷ്ടിപരമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ പ്രതിപക്ഷത്തിന്റെ അവസ്ഥ കൂടുതൽ പരിതാപകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇഡി, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വേട്ടയാടലിനെ അതിജീവിച്ചാണ് എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയതെന്ന് കെ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു. ലൈഫ് പദ്ധതിയടക്കം ഇല്ലാതാക്കുമെന്ന പ്രതിപക്ഷത്തിന്റെ പ്രഖ്യാപനത്തിന് ജനങ്ങൾ നൽകിയ ശിക്ഷയാണ് കനത്ത പരാജയമെന്ന് ഒ കേളു പറഞ്ഞു.
വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം യുഡിഎഫിൽ നടപ്പാകുമെന്ന് കരുതുന്നില്ലെന്ന് സി കെ ആശ പറഞ്ഞു. ജനങ്ങളോടുള്ള കരുതലാണ് സർക്കാരിന്റെ നയപ്രഖ്യാപനമെന്ന് ജോബ് മൈക്കിൾ പറഞ്ഞു. സണ്ണി ജോസഫ്, എൻ എ നെല്ലിക്കുന്ന്, മാണി സി കാപ്പൻ, കെ കെ രമ, സജീവ് ജോസഫ്, നജീബ് കാന്തപുരം, കെ ബാബു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.















