തിരുവനന്തപുരം
പ്രതിസന്ധി ഘട്ടത്തിൽ പഠനപാതയുടെ പുതുവഴികൾ തെളിച്ച ആത്മവിശ്വസത്തിന്റെ കരുത്തിൽ പൊതുവിദ്യാഭ്യാസം കൂടുതൽ ഉയരങ്ങളിലേക്ക്. കുട്ടികളെ ചേർത്തുപിടിക്കാൻ സർക്കാരും നാടും പ്രകടമാക്കിയ ജാഗ്രതയിൽ പൊതുവിദ്യാലയങ്ങളിലേക്ക് പുതുതായെത്തിയത് ഒരു ലക്ഷത്തിലധികം വിദ്യാർഥികൾ. ആരംഭ ദിനത്തിൽ പ്രീ പൈമ്രറി മുതൽ പത്താംക്ലാസ് വരെ ചേർന്ന വിദ്യാർഥികളുടെ ആദ്യഘട്ട വിവരമാണിത്. ഒന്നാം ക്ലാസിൽ മൂന്ന് ലക്ഷം വിദ്യാർഥികൾ എത്തി. രണ്ടുമുതൽ 10 വരെ ക്ലാസുകളിലാണ് ഇതര സിലബസുകളിൽനിന്ന് ഒരുലക്ഷത്തിലേറെ കുട്ടികൾ അധികമായെത്തിയത്.
മഹാമാരിക്ക് മുന്നിൽ കഴിഞ്ഞ വർഷം ലോകം പകച്ചുനിന്നപ്പോൾ കേരളം പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിയ ഡിജിറ്റൽ ക്ലാസുകൾ ലോകമാകെ പ്രശംസയ്ക്ക് പാത്രമായിരുന്നു. ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽപി സ്കൂളിൽ ആകെ വിദ്യാർഥികളുടെ എണ്ണം 1000 കടന്നു. ഒന്നാം ക്ലാസിൽമാത്രം 230 വിദ്യാർഥികൾ എത്തി. രണ്ടുമുതൽ നാലുവരെ ക്ലാസുകളിൽ പുതുതായി 124 കുട്ടികൾ എത്തി. ആകെ 1022 കുട്ടികൾ.
സംസ്ഥാന പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടൺഹിൽ സ്കൂളിൽ ഓൺലൈനായി ഉദ്ഘാടനംചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. സാംസ്കാരിക ലോകത്തെ പ്രമുഖർ ആശംസകൾ നേർന്നു. മുഴുവൻ സ്കൂളിലും പ്രവേശന നടപടികൾ തുടരുകയാണ്. പ്രധാനാധ്യാപകരെ ഫോണിൽ ബന്ധപ്പെട്ട് ഏത് ക്ലാസിലും പ്രവേശനം നേടാം.















