മലപ്പുറം
ആയുർവേദത്തിന്റെ മഹിമയെ ലോകമാകെ പടർത്തിയ കോട്ടക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി പത്മഭൂഷൺ ഡോ. പി കെ വാരിയരുടെ ജന്മശതാബ്ദി ആഘോഷത്തിന് തുടക്കം. കോട്ടക്കൽ ആര്യവൈദ്യശാല നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ശതപൂർണിമ’ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനംചെയ്തു.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷനായി. കലക്ടർ കെ ഗോപാലകൃഷ്ണൻ, കോട്ടക്കൽ നഗരസഭാ ചെയർപേഴ്സൺ ബുഷറ ഷബീർ, മുൻ കേന്ദ്ര ആയുഷ് സെക്രട്ടറി ഷെലജ ചന്ദ്ര എന്നിവർ സംസാരിച്ചു. ആര്യവൈദ്യശാലാ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ. പി എം വാരിയർ സ്വാഗതവും സിഇഒ ഡോ. ജി സി ഗോപാലപിള്ള നന്ദിയും പറഞ്ഞു.
ആര്യവൈദ്യശാലയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും സൂം ആപ്പിലും ചടങ്ങ് പൊതുജനങ്ങളും വീക്ഷിച്ചു. ആതുരസേവനം കച്ചവടമായി കാണാത്ത വൈദ്യപ്രഭാവത്തിന്റെ ശതാബ്ദി ആഘോഷത്തിൽ കേരള ജനതയാകെ മനസ്സുകൊണ്ട് പങ്കുചേർന്നു. വ്യാഴാഴ്ച മൈസൂരു ജെഎസ്എസ് ആയുർവേദ കോളേജുമായി സഹകരിച്ച് ശാസ്ത്ര സെമിനാർ, ജന്മദിനമായ എട്ടിന് കോട്ടക്കൽ വൈദ്യരത്നം പി എസ് വാരിയർ ആയുർവേദ കോളേജ് ആഭിമുഖ്യത്തിൽ പ്രഭാഷണ പരമ്പര എന്നിവയുണ്ടാകും.














