തിരുവനന്തപുരം
പ്രധാനമന്ത്രി ആവാസ് യോജനയിൽ ഗ്രാമീണമേഖലയിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിൽ ചില പഞ്ചായത്തുകൾക്ക് വീഴ്ചപറ്റിയതായി സിഎജി റിപ്പോർട്ട്. പൊതു, സാമൂഹ്യ മേഖലയിൽ 2019ലെ പ്രവർത്തനങ്ങൾ സംബന്ധിച്ച സിഎജി റിപ്പോർട്ട് ചൊവ്വാഴ്ച നിയമസഭയിൽ വച്ചു. വീടിനുള്ള ഗുണഭോക്തൃ പട്ടികയിൽപ്പെട്ട 45,409 കുടുംബത്തിന് യോഗ്യതാ മാനദണ്ഡങ്ങൾ മുഴുവൻ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
42,431 വീട് ലക്ഷ്യമിട്ടപ്പോൾ തൻവർഷം പൂർത്തീകരിച്ചത് 16,101. ഗുണഭോക്തൃ പട്ടികയിൽ വന്നിട്ടും ഭൂമി ലഭ്യമാകാഞ്ഞതിനാൽ 5712 പേർക്ക് ആ വർഷം വീട് നിഷേധിക്കപ്പെട്ടു. കുടുംബത്തിലെ പുരുഷന് വീട് അനുവദിക്കുന്ന സംഭവങ്ങളുമുണ്ടായി. 580 വീട് നിർമാണത്തിന് പഞ്ചായത്ത് അനുമതിയോ തീരപരിപാലന അതോറിറ്റി സമ്മതപത്രമോ ഉണ്ടായില്ല. അഗതികളും വയോജനങ്ങളും ദുർബലരുമായ ഗുണഭോക്താക്കൾ സ്വന്തമായി വീട് നിർമാണം ഏറ്റെടുക്കാൻ തയ്യാറാകാഞ്ഞതിനാൽ, ഏഴ് ബ്ലോക്ക് പഞ്ചായത്തിൽ അർഹരായ 393 പേർക്ക് വീട് കിട്ടിയില്ല. വീടുകൾക്ക് കുടിവെള്ളം, കക്കൂസ്, വൈദ്യുതിബന്ധം, പാചകവാതക കണക്ഷൻ എന്നിവ ഉറപ്പാക്കുന്നതിൽ ചില ബ്ലോക്ക് പഞ്ചായത്ത് വീഴ്ച വരുത്തി. കേന്ദ്ര സർക്കാർ നിർദേശിച്ച ഭൗതികവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കുന്നതിലെ വീഴ്ചമൂലം 2016–-18 കാലയളവിൽ പദ്ധതിയിൽ 196 കോടി രൂപയുടെ ധനസഹായം നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറഞ്ഞു.















