തിരുവനന്തപുരം
കഴിഞ്ഞ എൽഡിഎഫ് സർക്കാരിനെതിരെ മുസ്ലിങ്ങളെയും ക്രൈസ്തവരെയും തിരിച്ചുവിടാൻ യുഡിഎഫ് സ്പോൺസേർഡ് സംഘടനകളും വ്യക്തികളും നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് ന്യൂനപക്ഷ സ്കോളർഷിപ്പിനെതിരെ ചിലർ കോടതിയിൽ പോയതെന്ന് ഡോ. കെ ടി ജലീൽ എംഎൽഎ. പാലോളി കമ്മിറ്റി ശുപാർശയനുസരിച്ച് ന്യൂനപക്ഷ സ്കോളർഷിപ്പിന് 80:20 അനുപാതമാക്കിയതിനെ കുറ്റം പറയുന്ന യുഡിഎഫ് അധികാരത്തിലിരിക്കുമ്പോഴുേം ഈ അനുപാതം തന്നെയാണ് തുടർന്നത്. ആ നയം തെറ്റല്ല എന്നതിന് തെളിവാണ് യുഡിഎഫും ആ നയം തുടർന്നത്. കഴിഞ്ഞ എട്ടുകൊല്ലം ഇതിനെ ഒരാളും ചോദ്യം ചെയ്തിരുന്നില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ക്രൈസ്തവ സമുദായവുമായി ചർച്ച നടത്തി അവരുടെ പിന്നോക്കാവസ്ഥ പഠിക്കാൻ റിട്ട. ജസ്റ്റിസ് ജെ ബി കോശി കമീഷനെ നിയമിച്ചിട്ടുണ്ട്. ആ റിപ്പോർട്ട് ലഭിക്കാൻ കാത്തിരിക്കാത്തതിന് പിന്നിൽ വ്യക്തമായ താൽപര്യമുണ്ടായിരുന്നുവെന്നും കെ ടി ജലീൽ പറഞ്ഞു.
താൻ എന്തെങ്കിലും കള്ളത്തരം കാണിച്ചതിനല്ല ലോകായുക്ത വിധിയുണ്ടായത്. ഒരു സർക്കാർ സ്ഥാപനത്തെ നന്നാക്കാൻ ശ്രമിച്ചതിനാണത്. തവനൂരിൽ ബിജെപിയുടെ വോട്ട് വാങ്ങിയത് യുഡിഎഫാണ്. ചാരിറ്റി തട്ടിപ്പ് നടത്തിയ ലീഗുകാരനെ കോൺഗ്രസ് വേഷമണിയിച്ച് മത്സരിപ്പിച്ചു. ബിജെപി സംസ്ഥാന തലത്തിൽ തന്നെ തോൽപിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും ജലീൽ പറഞ്ഞു.