പാരീസ്
തുടങ്ങി രണ്ടാം ദിവസം തന്നെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് അവസാനിച്ചപോലെ. കളിയല്ല മനസ്സാണ് പ്രധാനമെന്ന് പ്രഖ്യാപിച്ച് നവോമി ഒസാക പിൻമാറിയതോടെ അമ്പരന്ന് നിൽക്കുകയാണ് ടെന്നീസ് ലോകം. ടൂർണമെന്റ് തീരുംമുമ്പേ ഒസാക കിരീടം ചൂടിയ പോലെ. ആദ്യ കളി ജയിച്ച് മാധ്യമ പ്രവർത്തകരെ കാണാതെ മടങ്ങിയ ജപ്പാൻകാരിക്ക് സംഘാടകർ പത്ത് ലക്ഷം രൂപയോളം പിഴയിട്ടു. ഇനി ആവർത്തിച്ചാൽ ടൂർണമെന്റിൽ നിന്ന് പുറത്താക്കുമെന്നും പറഞ്ഞു. മറ്റ് കളിക്കാർ മാധ്യമങ്ങളെ കണ്ടതിന്റെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സംഘാടകർ ഒസാകയെ സമ്മർദത്തിലാക്കി. പിന്നൊന്നും ആലോചിച്ചില്ല. രണ്ടാം റൗണ്ടിൽ ഇറങ്ങാതെ ജപ്പാൻകാരി പിൻവാങ്ങി.
മാധ്യമങ്ങളെ അഭിമുഖീകരിക്കാനുള്ള മാനസികാരോഗ്യമില്ലെന്ന് ഫ്രഞ്ച് ഓപ്പൺ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഇരുപത്തിമൂന്നുകാരി പറഞ്ഞിരുന്നു. ആരുമത് കാര്യമാക്കിയില്ല. ഒന്നാം റൗണ്ട് ജയിച്ച് മാധ്യമങ്ങളെ കാണാതെ മടങ്ങിയപ്പോഴാണ് സംഘാടകർ അപകടം മണത്തത്. മാനസികാരോഗ്യം എന്തിനേക്കാളും പ്രധാനമാണെന്ന് ഒന്നാകയുടെ കുറിപ്പിലുണ്ട്.
‘ഞാനാർക്കും ശല്യമാകാനില്ല. മറ്റ് കളിക്കാരെ ബുദ്ധിമുട്ടിക്കാനില്ല. ചർച്ച ചെയ്യപ്പെടേണ്ടത് ടൂർണമെന്റും ടെന്നീസുമാണ്. പക്ഷേ, എനിക്ക് എന്റെമനസ്സ് പ്രധാനമാണ്. 2018 യുഎസ് ഓപ്പൺ മുതൽ കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. അതാണ് പറയാൻ ശ്രമിച്ചത്. എന്നാൽ പറഞ്ഞ രീതിയിലാണോ ആളുകൾ മനസ്സിലാക്കിയ രീതിയിലാണോ പ്രശ്നമെന്നറിയില്ല. അധികം സംസാരിക്കാത്ത പ്രകൃതമാണ് എന്റേത്. പരമാവധി മാറിനിൽക്കുന്ന സ്വഭാവം. കൂടുതൽ സമയത്തും ഹെഡ് ഫോൺ ഉപയോഗിക്കും.
മാധ്യമങ്ങളെ കാണുമ്പോൾ മനസ്സിലാകെ ആധിയാണ്. അവരെല്ലാം എന്നോട് ദയാപൂർവമാണ് പെരുമാറിയിട്ടുള്ളത്. എന്നാലും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാനോ ശരിയായ ഉത്തരം നൽകാനോ എനിക്ക് കഴിയാറില്ല. കാരണം മാധ്യമങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഒരു ആശങ്ക എന്നെ പിന്തുടരുന്നുണ്ട്. കളിക്കു ശേഷം മാധ്യമങ്ങളെ കാണുന്നത് ടൂർണമെന്റിലെ നിയമാവലിയിൽ ഉള്ളതായിരിക്കാം. പക്ഷേ ഈ രീതി മാറണമെന്നാണ് അഭിപ്രായം. തൽക്കാലം കളിക്കളം വിടുന്നു. മനസ്സിന്റെ കരുത്ത് വീണ്ടെടുത്ത് തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷ’– ഒസാക ട്വിറ്ററിൽ കുറിച്ചു.